റിയാദ്: മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ സൗദിഅറേബ്യയില്‍ തങ്ങാന്‍ അനുവാദമുണ്ടായിരിക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദിഅറേബ്യയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഒരുവര്‍ഷത്തില്‍ ആകെ 90 ദിവസം മാത്രമെ രാജ്യത്ത് തങ്ങാന്‍ ്അനുമതി ഉണ്ടായിരിക്കുകയുള്ളു. ഈ കാലയളവ്, തുടര്‍ച്ചയായതോ അല്ലാത്തതോ ആയിരുന്നാലും നിയമം ഒരുപോലെ ബാധകമാണ്. സൗദിയിലെ ഏത് അതിര്‍ത്ഥി മുഖേന രാജ്യത്ത് പ്രവേശിച്ചാലും ആ തീയതി മുതല്‍ ദിവസം കണക്കാക്കിത്തുടങ്ങും.
സൗദി മന്ത്രിമാരുടെ കൗണ്‍സില്‍ രാജ്യത്തിനുള്ളിലെ ജിസിസി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ തങ്ങല്‍ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും രജിസ്‌ട്രേഷന്‍ ഇല്ലാതെ ദീര്‍ഘകാലത്തേക്ക് വാഹനങ്ങള്‍ അവശേഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇതുസംബന്ധിച്ച നിയമം പുറപ്പെടുവിച്ചിട്ടുള്ളത്.
സൗദി പൗരന്റെയോ പ്രവാസിയുടെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കോ രാജ്യത്തിനുള്ളില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അധികാരമുള്ളവര്‍ക്കോ ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. എന്നാല്‍ ജിസിസി രാജ്യങ്ങളിലെ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാടകയ്ക്കെടുത്ത വാഹനങ്ങള്‍ക്ക് നിയമം ബാധകമല്ല.
അതേസമയം അനുവദനീയമായ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സമയം നീട്ടിക്കിട്ടാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ വാഹന ഉടമയ്ക്കോ അംഗീകൃത ഡ്രൈവര്‍ക്കോ അനുവാദമുണ്ട്. ആവശ്യമായ രേഖകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാല്‍ മന്ത്രാലയം അതിന്റെ വിവേചനാധികാരത്തില്‍ അപേക്ഷയില്‍ തീരുമാനമെടുക്കും.