News

വെയില്‍ കനക്കും: സംസ്ഥാനത്ത് പകല്‍ താപനിലയില്‍ കുത്തനെ വര്‍ധന; അതീവ ജാഗ്രത നിര്‍ദേശം

By Manya

February 11, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്തെ താപനിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നുവെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാള്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ഇതോടെ സംസ്ഥാനത്ത് പകല്‍ താപനില 34 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കി.

പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, പകല്‍ സമയങ്ങളില്‍ മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പോലുള്ള നിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ വെള്ളവും ആരോഗ്യകരമായ ദ്രാവകങ്ങളും സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.