News

വെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്

By Lubna Sherin K P

January 29, 2026

വാഷിംഗ്ടണ്‍: വെനസ്വേലയുമായുള്ള വ്യോമാതിര്‍ത്തി ഉടന്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നുതന്നെ വ്യോമാതിര്‍ത്തി തുറക്കുമെന്നും അമേരിക്കന്‍ പൗരന്മാര്‍ക്ക് ഉടന്‍ തന്നെ വെനസ്വേല സുരക്ഷിതമായി സന്ദര്‍ശിക്കാമെന്നും ട്രംപ് അറിയിച്ചു.

യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയോടും സൈനിക ഉദ്യോഗസ്ഥരോടും വ്യോമാതിര്‍ത്തി തുറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി. വെനസ്വേലയിലെ എണ്ണപ്പാടങ്ങള്‍ പരിശോധിക്കുന്നതിനായി അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികള്‍ ഉടന്‍ അവിടേക്ക് തിരിക്കുമെന്നും ട്രംപ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ ഊര്‍ജ്ജ മേഖലയില്‍ വലിയ നിക്ഷേപം നടത്താനാണ് അമേരിക്കയുടെ പദ്ധതി.

ഏഴ് വര്‍ഷത്തിനു ശേഷം കാരക്കാസിലെ യുഎസ് എംബസി വീണ്ടും തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി താല്‍ക്കാലിക നയതന്ത്ര ഉദ്യോഗസ്ഥരുടെ സംഘത്തെ അയക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു.