കൊച്ചി: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയില്‍. ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രം പുറത്തിറങ്ങിയാല്‍ നീതിപൂര്‍വമായ വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. സിനിമ റിലീസായാല്‍ അത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നും പ്രതിയുടെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും ബാധിക്കുമെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2025 ഫെബ്രുവരി 24-ന് വെഞ്ഞാറമൂട്ടില്‍ 23-കാരനായ അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സ്വന്തം സഹോദരന്‍, പെണ്‍സുഹൃത്ത് എന്നിവരടക്കം അഞ്ചുപേരെ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. മാതാവിനെയും ഉപദ്രവിച്ചിരുന്നു.
അതേസമയം, സിനിമ വെഞ്ഞാറമൂട് കൊലപാതകത്തെ മാത്രം ആസ്പദമാക്കിയുള്ളതല്ലെന്നും ലഹരി വിരുദ്ധ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും സംവിധായകന്‍ പ്രസാദ് നൂറനാട് വിശദീകരിച്ചു.