kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ സല്‍മാബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

By webdesk17

March 07, 2025

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക്കേസില്‍ പ്രതി അഫാനെ കൊല്ലപ്പെട്ട സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് പാങ്ങോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പട്ട് അഫാനെ മൂന്ന് ദിവസത്തേക്ക് പാങ്ങോട് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരുടെ ആഭരണങ്ങള്‍ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും അഫാനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷം മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. പ്രതി കൊല്ലാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തും.

വെള്ളിയാഴ്ച രാവിലെ ആറരയോടെ അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തല കറങ്ങി വീണിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജയിലില്‍ കഴിഞ്ഞപ്പോള്‍ പ്രതി കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അസ്വസ്ഥത പ്രകടിപ്പിച്ചിച്ചിരുന്നെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി കനത്ത സുരക്ഷയിലായിരുന്നു അഫാനെ ജയിലില്‍ പാര്‍പ്പിച്ചത്.