kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെ സ്വന്തം വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി

By webdesk17

March 07, 2025

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ സ്വന്തം വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന്‍ പൊലീസിന് വിവരിച്ചുകൊടുത്തു.

പാങ്ങോടുളള പിതൃമാതാവിന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട സല്‍മ ബീവിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. പ്രദേശത്ത് ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

അഫാന്‍ ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്താനാണ് നീക്കം. സല്‍മ ബീവിയുടെ വീട്ടിലെത്തിയ അഫാന്‍ അവരോട് സ്വര്‍ണ മാല ഊരിത്തരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനാലാണ് സല്‍മ ബീവിയെ അഫാന്‍ കൊലപ്പെടുത്തിയത്.

മാല പണയം വെച്ച സ്ഥാപനത്തില്‍ എത്തിച്ചും തെളിവെടുപ്പ് നടക്കും. ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും അഫാന്‍ ജയിലുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൊലപ്പെടുത്താനുള്ള കാരണമായി അഫാന്‍ ആവര്‍ത്തിച്ചത്.

വായ്പയുടെ പലിശ പ്രതിദിനം പതിനായിരം രൂപയിലേക്കെത്തിയതോടെ കുടുംബത്തോടൊപ്പം ജീവനൊടുക്കാമെന്ന് തീരുമാനിച്ചതെന്നും അഫാന്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും അഫാന്‍ പറഞ്ഞു.

ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.