ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സഖ്യ കക്ഷി കൂടിയായ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഇന്നലെ ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയെ കണ്ടിരുന്നു. പ്രധാനമന്ത്രി അടുത്ത ദിവസം ത്രിരാഷ്ട്ര സന്ദര്‍ശനത്തിനു പുറപ്പെടാനിരിക്കെ, ഇതിനു മുന്നോടിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണം നടത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്.

ജൂണ്‍ 24നാണ് മോദിയുടെ വിദേശയാത്ര തുടങ്ങുന്നത്. പോര്‍ച്ചുഗലാണ് ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് യു.എസിലെത്തുന്ന മോദി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം നെതര്‍ലാന്റ് കൂടി സന്ദര്‍ശിച്ച ശേഷം 27ന് രാത്രി മാത്രമേ ഡല്‍ഹിയില്‍ തിരിച്ചെത്തൂ. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതിപക്ഷ കക്ഷികളുടെ കൂടി പിന്തുണയോടെ പൊതു സമ്മതനായ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനുള്ള നീക്കവും ബി.ജെ.പി നടത്തുന്നുണ്ട്.
എല്‍.ജെ.പി നേതാവ് രാം വിലാസ് പസ്വാനുമായും സമാജ്‌വാദി പാര്‍ട്ടിയിലെ മുലായംസിങ് ഗ്രൂപ്പ് നേതാവ് നരേഷ് അഗര്‍വാളുമായും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്നലെ ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് എന്‍.ഡി.എ സഖ്യ കക്ഷി കൂടിയായ എല്‍.ജെ.പിയുടെ നിലപാട്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ മുലായം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാരെ തന്നെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉപാധി വച്ചതായാണ് അറിവ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.ഡി എന്നീ കക്ഷികളുമായും ബി.ജെ.പി നിയോഗിച്ച മൂന്നംഗ സമിതി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.