ഹൈദരാബാദ്: ബിജെപിയുടെ ബീഫ് നിരോധന നീക്കത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. താനൊരു മാംസാഹാരിയാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും പറഞ്ഞാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ബീഫ് നിരോധനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ഭക്ഷണം വ്യക്തി സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമാണ്. എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണ്. അല്ലാതെ അതില്‍ ഏതെങ്കിലുമൊരു പാര്‍ട്ടിക്കോ മറ്റൊരു വ്യക്തിക്കോ അഭിപ്രായ സ്വാതന്ത്ര്യമില്ല. താന്‍ മാംസാഹാരം കഴിക്കുന്ന വ്യക്തിയാണ്. അത് അങ്ങനെ തന്നെ തുടരുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ ഗുണമേന്മയുള്ള ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റെ പ്രഖ്യാപനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. എന്നാല്‍ ഭരണഘടനാപരമായി എന്തെങ്കിലും നിരോധനമുണ്ടായാല്‍ അത് അംഗീകരിക്കാന്‍ ജനങ്ങള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.