ന്യൂഡല്‍ഹി: പ്രധാനമന്ത്രി വലിയ നയപ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

നോട്ട് അസാധുവാക്കിയതിന്റെ നേട്ടങ്ങളും ഫലങ്ങളും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി വിശദീകരിക്കും. അതെല്ലാം ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല. ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ശനിയാഴ്ച്ചയോടെ മാറ്റങ്ങള്‍ കണ്ടു തുടങ്ങുമെന്നും നായിഡു പറഞ്ഞു.

എന്നാല്‍ നോട്ട് പിന്‍വലിക്കലിനുള്ള നിയന്ത്രണങ്ങള്‍ തുടങ്ങും. എടിഎം വഴിയും ബാങ്കു വഴിയും പിന്‍നവലിക്കാവുന്ന നോട്ടിന്റെ പരിധി വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. എടിഎം വഴി പിന്‍വലിക്കാവുന്ന 2500 രൂപ 4000 ആക്കി ഉയര്‍ത്തും. ബാങ്കില്‍ നിന്ന് ഒരാഴ്ച്ച 40,000 രൂപ പിന്‍വലിക്കാമെന്നും സൂചനയുണ്ട്.

നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50ദിവസത്തിന്റെ കാലാവധി നാളെ അവസാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ നയപ്രഖ്യാപനങ്ങള്‍ നടത്തുമെന്ന വാദവുമായി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. പുതുവര്‍ഷത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് എന്തായിരിക്കും പ്രധാനമന്ത്രി പറയുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.