ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി ട്വന്റി പരമ്പര നാളെ നാഗ്പൂരില്‍ ആരംഭിക്കും. വൈകുന്നേരം ഏഴ് മണിക്കാണ് ആദ്യ മത്സരം. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി ട്വന്റി ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പര എന്ന പ്രത്യേകതയും ന്യൂസിലാന്‍ഡിനെതിരായ മത്സരങ്ങള്‍ക്കുണ്ട്. ഏകദിന പരമ്പരയിലെ അപ്രതീക്ഷിത തോല്‍വി മറികടക്കാനും ലോകകപ്പിനുള്ള കുറ്റമറ്റ സ്‌ക്വാഡ് രൂപപ്പെടുത്താനുമാണ് ഇന്ത്യ ഈ പരമ്പരയെ ഉപയോഗപ്പെടുത്തുന്നത്.
ഓപ്പണിങ്ങില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. ശുഭ്മാന്‍ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മ്മയോടൊപ്പം ഇറങ്ങാന്‍ സാധ്യതയുണ്ട്. എങ്കിലും ഫോമിലുള്ള ഇഷാന്‍ കിഷനെ മറികടക്കുക സഞ്ജുവിന് വെല്ലുവിളിയാകും. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഫോം നിര്‍ണായകമാകും. അക്സര്‍ പട്ടേല്‍, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യക്ക് വലിയ ശക്തിയാണ്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പ്രധാന ആയുധങ്ങള്‍.
ഈ പരമ്പരയില്‍ ഓരോ താരത്തിന്റെയും ഫോം, ഫിറ്റ്‌നസ്, റോളുകള്‍ കൃത്യമായിവിലയിരുത്തിയ ശേഷമായിരിക്കും ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡ് തയ്യാറാക്കുകയെന്ന് ബിസിസിഐ വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ ഏകദിനവും ടെസ്റ്റും നേടിയ ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പര കൂടി സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെ നാഗ്പൂരിലിറങ്ങുന്നു. മിച്ചല്‍ സാന്റ്‌നര്‍ നയിക്കുന്ന കിവീസ് ടീം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജയിക്കാനാണ് ശ്രമം. ജനുവരി 31ന് തിരുവനന്തപുരത്താണ് പരമ്പരയിലെ അവസാന മത്സരം. ഫെബ്രുവരി 7ന് ടി ട്വന്റി ലോകകപ്പ് ആരംഭിക്കും.