കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എറണാകുളം ജില്ലാ കോടതി ഇന്ന് നിര്‍ണായക വിധി പറയും. അഞ്ച് വര്‍ഷത്തെ വിചാരണയും നിരന്തരമായ നാടകീയ സംഭവവികാസങ്ങളും പിന്നിട്ട ശേഷമാണ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പ്രസ്താവിക്കുന്നത്.
കോടതിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2017 ഫെബ്രുവരി 17ന് അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും. കേസില്‍ പള്‍സര്‍ സുനി, ഡ്രൈവര്‍ മാര്‍ട്ടിന്‍, ബി. മണികണ്ഠന്‍ എന്നിവരടക്കം പത്ത് പേരാണ് പ്രതികള്‍. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.
പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയായി. 261 സാക്ഷികളുള്ള കേസില്‍ 28 പേര്‍ മൊഴി മാറ്റി. 142 തൊണ്ടുകള്‍ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം 438 ദിവസം എടുത്തുവെന്നത് കേസിന്റെ സങ്കീര്‍ണ്ണത തെളിയിക്കുന്നു.
ലൈംഗിക പീഡനം, ഗൂഢാലോചന, അന്യായ തടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രീകരണം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ നേരിടുന്നത്. പ്രതികള്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.