kerala

വടകരയിൽ വിജയം ഉറപ്പ്, ഇടത് വോട്ടുകൾ വരെ കോൺ​ഗ്രസിന് ലഭിച്ചിട്ടുണ്ട്’: ഷാഫി പറമ്പിൽ

By webdesk14

June 02, 2024

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. പ്രവചവനങ്ങള്‍ക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഷാഫി പ്രതികരിച്ചു.

തങ്ങള്‍ യഥാര്‍ത്ഥ ജനവിധിയെ കാത്തിരിക്കുകയാണ്. അത് വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും രാജ്യത്ത് നല്‍ക്കുകയെന്ന് പ്രതീക്ഷിക്കുന്നു. 20ല്‍ 20 സീറ്റും കോണ്‍ഗ്രസിന് കിട്ടാനുള്ള ഒരു സാഹചര്യമാണ് കേരളത്തിലുള്ളത് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘ഇടതുപക്ഷ വോട്ടുകള്‍ വരെ ലഭിച്ചിട്ടുണ്ടെന്നാണ് പലരുടെയും പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ചില വ്യാജ സൃഷ്ടികളുടെ പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും കൃത്യമായി അറിയാം. അവസാനമായി വന്ന വ്യാജ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ അടക്കം കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ഞങ്ങള്‍ യഥാര്‍ത്ഥ ജനവിധിയെ കാത്തിരിക്കുകയാണ്. സമാധാനം ഉണ്ടാകണം, സത്യം പുറത്ത് വരണം’, ഷാഫി പറമ്പില്‍ വ്യക്തമാക്കി.