ഗസ്സ: ഫലസ്തീന്റെയും റോഹിങ്ക്യകളുടെയും പോരാട്ടങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ സ്വാതന്ത്ര്യസമര പാരമ്പര്യവുമായി ബന്ധിപ്പിക്കപ്പെടേണ്ടതാണെന്ന് വിയറ്റ്‌നാം ആക്ടിവിസ്റ്റ് ബാവോ നോക്. ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുറപ്പെട്ട ഫ്‌ലോട്ടില്ലയില്‍ പങ്കെടുത്ത വിയറ്റ്‌നാം യുവതിയാണ് ബാവോ നോക്. ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് 28 കാരിയായ ഇവരുടെ യാത്ര ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗസ്സക്കായി പുറപ്പെട്ട ഫ്‌ളോട്ടില്ലയില്‍ റോഹിങ്ക്യ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്‍ഡോനേഷ്യന്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യയിലെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് ഗസ്സയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പട്ടിണിയും ദുരിതവും വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുമെന്ന് ബാവോ പറയുന്നു. വിമോചനത്തിനായുള്ള ഇവരുടെ പോരാട്ടങ്ങളെ ഒന്നിപ്പിക്കണം. ഇവരുടെ യാത്ര വിയറ്റ്‌നാമില്‍ ഫലസ്തീന്‍ വിഷയത്തെക്കുറിച്ചുള്ള അപൂര്‍വമായ പൊതുചര്‍ച്ചയ്ക്ക് വഴിതെളിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നിന്നുള്ള ബാവോ നോക്, ഗസ്സയിലേക്ക് ഉപരോധം മറികടന്ന് സഹായസാധനങ്ങള്‍ എത്തിക്കാനുള്ള ഫ്‌ലോട്ടില്ലയില്‍ പങ്കെടുത്ത ഏക വിയറ്റ്‌നാം പൗരയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്ര ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ തീരുമാനമറിയിച്ചിരുന്നു. ഇതോടെ നിരവധി യുവ വിയറ്റ്‌നാമികള്‍ അവരുടെ യാത്ര പിന്തുടരാന്‍ തുടങ്ങി. ഫലസ്തീനോട് തനിക്ക് വലിയ ഐക്യദാര്‍ഢ്യമുണ്ടെന്ന് ബാവോ നോക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ യുദ്ധങ്ങളും അതിക്രമങ്ങളും അനുഭവിച്ച ഒരു വിയറ്റ്‌നാം സ്വദേശിനിയായതിനാല്‍, ഫലസ്തീന്‍ ജനങ്ങളുടെ ദുരിതത്തോട് വലിയ സഹാനുഭൂതിയുണ്ട്. ഈ പ്രസ്താവന വിയറ്റ്‌നാമില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധി യുവാക്കളുടെ പിന്തുണ നേടുകയും ചെയ്തു.
2026 മെയ് 18ന്, ഫ്‌ലോട്ടില്ല സൈപ്രസിന് പടിഞ്ഞാറ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഇസ്രായേല്‍ സേന കപ്പല്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തുടര്‍ന്ന് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ബാവോ നോക് താന്‍ ഇസ്രായേല്‍ സേനയുടെ കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും, തന്റെ മോചനത്തിനായി വിയറ്റ്‌നാം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ബാവോ നോകിന്റെ മോചനത്തിനായി ആയിരക്കണക്കിന് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി. 2,000ത്തിലധികം അപേക്ഷകള്‍ ഇസ്രായേലിലെ വിയറ്റ്‌നാം എംബസിയിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ചില സര്‍ക്കാര്‍ അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ബാവോ നോകിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും, അവരുടെ ദേശീയതയെ പോലും ചോദ്യം ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇസ്രായേലിലെ വിയറ്റ്‌നാം എംബസി പ്രസ്താവന പുറത്തിറക്കി. ബാവോ നോകിന്റെയും മറ്റ് ഫ്‌ലോട്ടില്ല അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും മോചനം സാധ്യമാക്കാനും ശ്രമിച്ചുവരികയാണെന്ന് എംബസി അറിയിച്ചു. സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ (NTU) ബിരുദാനന്തര പഠനം നടത്തുന്നതിനിടെയാണ് 2023 ഒക്ടോബര്‍ 7നുശേഷം ഗസ്സയിലെ സംഭവവികാസങ്ങള്‍ ബാവോ നോകിനെ ശക്തമായി സ്വാധീനിച്ചത്.
തുടര്‍ന്ന് അവര്‍ പഠനം ഉപേക്ഷിച്ച് വിയറ്റ്‌നാമിലേക്ക് മടങ്ങി. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ രൂപീകരിച്ചു. ഫലസ്തീനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗസ്സയിലെ അല്‍അഖ്‌സ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്ന് ബാവോ നോക് പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമില്ല. അധിനിവേശ ശക്തികള്‍ക്കൊന്നും അത്തരം അവകാശമില്ല. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്നും ബാവോ പറഞ്ഞു.