kerala

ഇഡിക്കെതിരെ ലഭിച്ച കൂടുതല്‍ പരാതികളില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്

By webdesk17

June 03, 2025

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ലഭിച്ച കൂടുതല്‍ പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം കേസ് ഒതുക്കി തീര്‍ക്കുന്നതിന് ഇഡി ഉദ്യോഗസ്ഥന്റെ പേരില്‍ 25 ലക്ഷം ലഭിച്ചെന്ന വിവരത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

അഞ്ച് പരാതികളാണ് ഫോണ്‍ മുഖേന ലഭിച്ചിരിക്കുന്നത്. അതേസമയം രേഖാ മൂലം പരാതി നല്‍കാന്‍ ഇതുവരെ ആരും തയാറായിട്ടില്ല. ഗൗരവകരമായ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി സ്വമേധയ കേസെടുക്കാന്‍ പറ്റുകയാണെങ്കില്‍ ആ രീതിയില്‍ കേസെടുക്കാന്‍ കഴിയുമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥന്‍ 25 ലക്ഷം വാങ്ങിയെന്ന പരാതിയില്‍ പ്രാഥാമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.

കേസില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി പരാതി നല്‍കിയിരുന്നു. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്. ഇടനില നിന്ന രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.