കൊച്ചി: വിജയ് നായകനാകുന്ന ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം ‘ജനനായകന്‍’ മറ്റൊരു കൗതുകവിവരവുമായി ശ്രദ്ധ നേടുന്നു. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനായ ലോകേഷ് കനകരാജ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ (ക്യാമിയോ) എത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകന്‍ എച്ച്. വിനോദും വിജയ്യും ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ഈ ചെറിയ വേഷം ചെയ്തതെന്ന് ലോകേഷ് പറഞ്ഞു. ”വിനോദ് അണ്ണയും വിജയ് അണ്ണയും എന്നെ വിളിച്ച് ക്യാമിയോ ചെയ്യുമോ എന്ന് ചോദിച്ചു. സിനിമയില്‍ ഞാനൊരു ക്യാമിയോ ചെയ്തിട്ടുണ്ട്. ഇതിനപ്പുറം ഇപ്പോള്‍ ഒന്നും പറയാനാവില്ല” എന്നാണ് ലോകേഷിന്റെ പ്രതികരണം.
വിജയിയെ നായകനാക്കി ‘മാസ്റ്റര്‍’, ‘ലിയോ’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ ലോകേഷിന്റെ ക്യാമിയോ വാര്‍ത്ത ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ്യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാല്‍ ‘ജനനായകന്‍’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പന്‍ റിലീസാണ്.
ജനുവരി 9-ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധി മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്നത് ആരാധകരെ നിരാശരാക്കി. ചിത്രത്തിന് ആദ്യം ‘യുഎ’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനാ സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍, സമിതിയിലെ ഒരു അംഗത്തിന്റെ പരാതിയെ തുടര്‍ന്നു സിബിഎഫ്‌സി ചെയര്‍മാന്‍ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും, ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു.
സുപ്രീം കോടതിയെ നിര്‍മാതാക്കള്‍ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയ്യാറായില്ല. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനോട് അന്തിമ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.