News

വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് കേസ്: മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

By sreenitha

January 27, 2026

ചെന്നൈ: നടൻ വിജയ് അഭിനയിച്ച ചിത്രം ജനനായകന്‍ റിലീസുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെൻസർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി വിധി പ്രസ്താവിക്കുക. സുപ്രീംകോടതി നിർദേശപ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു.

രാവിലെ പത്ത് മണിക്ക് ആദ്യകേസായി ജനനായകന്‍ സംബന്ധിച്ച ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചന. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കാൻ സിംഗിൾ ബെഞ്ച് സമയം അനുവദിച്ചില്ലെന്നും, ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട സിബിഎഫ്‌സി ചെയർമാന്റെ നിർദേശത്തെ നിർമ്മാതാക്കൾ ചോദ്യം ചെയ്തില്ലെന്നുമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) വാദം.

അതേസമയം, സിബിഎഫ്‌സി നിർദേശിച്ച എല്ലാ മാറ്റങ്ങളും വരുത്തിയിട്ടും യാതൊരു വ്യക്തമായ കാരണവുമില്ലാതെ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചത്. വിധി ചിത്രം റിലീസിനെ നിർണായകമായി ബാധിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.