News

വിജയ്ക്ക് വീണ്ടും തിരിച്ചടി; ‘ജനനായകന്‍’ റിലീസിന് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

By Manya

January 27, 2026

ചെന്നൈ: നടന്‍ വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ജനനായകന്‍’ വീണ്ടും നിയമക്കുരുക്കില്‍. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിഷേധിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലിലാണ് കോടതി ഉത്തരവ്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് അനുകൂലമായി സിംഗിള്‍ ബഞ്ച് നല്‍കിയ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് (CBFC) മതിയായ സമയം അനുവദിച്ചില്ലെന്ന വാദം കോടതി അംഗീകരിച്ചതോടെയാണ് റിലീസിന് തടസ്സമായത്.

ജനുവരി 9-ന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മുന്‍പ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ റിലീസ് മാറ്റിവെക്കുകയും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള വിജയുടെ കരിയറിലെ അവസാന ചിത്രം എന്ന പ്രത്യേകതയോടെയാണ് ‘ജനനായകന്‍’ ഒരുങ്ങുന്നത്. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കെ.വി.എന്‍. പ്രൊഡക്ഷന്‍സ് ബാനറില്‍ വെങ്കട്ട് കെ. നാരായണയാണ് നിര്‍മ്മാണം.

സാങ്കേതിക വിഭാഗത്തില്‍ ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, ആക്ഷന്‍: അനല്‍ അരശ്, സംഗീത വരികള്‍: അറിവ് എന്നിവരാണ്. വിജയുടെ സിനിമാ ജീവിതത്തിലെ അവസാന അദ്ധ്യായം എന്ന നിലയില്‍ ‘ജനനായകന്‍’ തിയേറ്ററുകളില്‍ അനുഭവിക്കാനുള്ള ആകാംക്ഷയില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുകയാണ്