മുംബൈ: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയുടെ തട്ടിപ്പുനടത്തി മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയെ കള്ളനെന്നു വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മല്യ 40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്നു. വ്യോമയാന മേഖലയിലേക്കു കടന്നതിനു പിന്നാലെ അദ്ദേഹത്തിനു പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ഉടന്‍ തന്നെ എങ്ങനെ ഒരാളെ കള്ളനെന്നു വിളിക്കാന്‍ കഴിയും. 40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്ന ഒരാള്‍ ഒരിക്കല്‍ മാത്രം ചെറിയ വീഴ്ച വരുത്തി. അപ്പോള്‍ എല്ലാം തട്ടിപ്പാണെന്നാണു പറയുന്നത്. ഈ മനഃസ്ഥിതി അത്ര ശരിയായ ഒന്നല്ലെന്നും ഗഡ്കരി പറഞ്ഞു. ടൈംസ് ഗ്രൂപ്പ് സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല്‍പ്പതു വര്‍ഷം മുന്‍പ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സികോമില്‍ നിന്നെടുത്തിരുന്ന വായ്പ വിജയ് മല്യ കൃത്യസമയത്ത് തിരിച്ചടച്ചിരുന്നു.