News

ഇഫ്താർ വിരുന്നിൽ തിളങ്ങി വിജയ്; വിശ്വാസികളോടൊപ്പം നോമ്പ് തുറന്ന് പ്രാർത്ഥനയിൽ പങ്കെടുത്തു

By Manya

March 19, 2026

ചെന്നൈ: നടന്‍ വിജയ് റമദാനിന്റെ 28-ാം നാളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് വിശ്വാസികളോടൊപ്പം നോമ്പ് തുറന്നു. മഹാബലിപുരത്തെ ഫോർ പോയിന്റ്സ് ഷെറാട്ടൺ ഹോട്ടലിലായിരുന്നു ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായാണ് പ്രവേശനം അനുവദിച്ചത്. വേദിയിലെത്തിയ വിജയ് വിശ്വാസികളോടൊപ്പം നോമ്പ് തുറന്നതിനു ശേഷം പ്രാർത്ഥനയിലും നമസ്കാരത്തിലും പങ്കെടുത്തു. വെള്ള ഷർട്ടും ഇളംതവിട്ട് നിറത്തിലുള്ള പാന്റ്സും തൊപ്പിയും ധരിച്ചാണ് താരം ചടങ്ങിൽ പങ്കെടുത്തത്.

കഴിഞ്ഞ വർഷം ഇഫ്താർ വിരുന്ന് അനിയന്ത്രിത തിരക്ക് മൂലം വിവാദമായിരുന്നു. അതിനാൽ ഇത്തവണ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഏകദേശം 1000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പട്ടികയിൽ ഇല്ലാത്തവരെ ഹോട്ടലിൽ പ്രവേശിപ്പിച്ചില്ല. ചടങ്ങുകൾ നേരിട്ട് എത്താൻ കഴിയാത്ത ആരാധകർക്ക് തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.

ചടങ്ങിനിടെ വിശ്വാസികളെയും പാർട്ടി പ്രവർത്തകരെയും അഭിസംബോധന ചെയ്ത് വിജയ് ചെറുപ്രസംഗവും നടത്തി. തന്റെ പാർട്ടി TVK മതനിരപേക്ഷ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എൻഡിഎ സഖ്യത്തിൽ ചേരുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തള്ളി. ഇഫ്താർ വിരുന്നിലൂടെ സാമൂഹിക ഐക്യത്തിനും മത സൗഹാർദ്ദത്തിനും പ്രാധാന്യം നൽകുന്ന സന്ദേശമാണ് വിജയ് പങ്കുവെച്ചത്.