ഹൈദരാബാദ്: തമിഴ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയും ഭാര്യ സംഗീത സൗര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചന തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. വിവാഹമോചന കേസ് പരിഗണനയിലിരിക്കെ താമസ അവകാശങ്ങളും സാമ്പത്തിക സഹായവും ആവശ്യപ്പെട്ട് സംഗീത ചെങ്കല്‍പ്പേട്ട് ജില്ല കോടതിയില്‍ പുതിയ ഹരജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ചെന്നൈയിലെ നീലങ്കരൈയിലുള്ള ദമ്പതികളുടെ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംഗീത കോടതിയോട് ആവശ്യപ്പെട്ടു. നിയമനടപടികള്‍ക്കിടയില്‍ തനിക്ക് താമസ സൗകര്യം നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.
ചെന്നൈയില്‍ നിലവില്‍ പ്രത്യേക വസതി ഇല്ലാത്തതിനാല്‍ വിവാഹമോചന കേസ് പരിഹരിക്കപ്പെടുന്നതുവരെയോ അനുയോജ്യമായ ബദല്‍ താമസ സൗകര്യം ഒരുക്കുന്നതുവരെയോ നീലങ്കരൈയിലെ വീട്ടില്‍ താമസിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും അവര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
കപാലീശ്വരര്‍ നഗറിലെ നീലങ്കരൈ വീട്ടിന്റെ 50 ശതമാനം ഓഹരി തന്റെ കൈവശമുണ്ടെന്നും സംഗീത ഹരജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്. വീട്ടില്‍ താമസിക്കുന്നതില്‍ നിന്ന് വിജയ് തടയുകയാണെന്നും വീട്ടില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.
താമസാവകാശങ്ങള്‍ക്ക് പുറമേ, തനിക്കും കുട്ടികള്‍ക്കും സാമ്പത്തിക സംരക്ഷണം നല്‍കണമെന്നും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളിലും പരസ്യ കരാറുകളിലുമൂടെ വിജയ് ഗണ്യമായ വരുമാനം നേടുന്നുണ്ടെന്നും നിയമനടപടികള്‍ നടക്കുമ്പോള്‍ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു. കേസില്‍ അന്തിമ തീരുമാനം വരുന്നതുവരെ സ്ഥിരമായ ജീവനാംശം അനുവദിക്കണമെന്നും അവര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.