Culture

ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ ഭാര്യ; ഉപവാസസമരം അവസാനിപ്പിച്ചു മടങ്ങി

By chandrika

November 13, 2018

നെയ്യാറ്റിന്‍കര: ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി സനല്‍കുമാറിന്റെ ഭാര്യ വിജി. ദൈവത്തിന്റെ വിധി നടപ്പിലായെന്നാണ് വിജി പ്രതികരിച്ചു. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്. സനല്‍കുമാറിന്റെ കൊലപാതകക്കേസ് പ്രതിയാണ് ഹരികുമാര്‍.

അതേസമയം, സനല്‍കുമാറിന്റെ ഭാര്യയും കുടുംബവും ഉപവാസസമരം അവസാനിപ്പിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വിജിയും കുടുംബവും ഇന്നു ഉപവാസ സമരം തുടങ്ങിയത്. രാവിലെ എട്ട് മണിക്ക് സനല്‍ കൊല്ലപ്പെട്ട സ്ഥലത്താണ് ഉപവാസ സമരം സംഘടിപ്പിച്ചത്. എന്നാല്‍ ഇതിനിടയിലാണ് ഡിവൈഎസ്പി ആത്മഹത്യ ചെയ്തത്.

സനലിന്റെ മരണത്തിനുപിന്നാലെ ഡിവൈഎസ്പി ഒളിവിലായിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തമിഴ്‌നാട്ടിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് മരണം.