columns
സര്‍ക്കാര്‍ ദുരഭിമാനത്തില്‍ നിശ്ചലമായ ഗ്രാമകേന്ദ്രങ്ങള്‍
അധികാര വികേന്ദ്രീകരണത്തിന് കരുത്തേകി യു.ഡി.എഫ് സര്‍ക്കാര്‍ 2014ല്‍ ആവിഷ്ക്കരിച്ച വാര്‍ഡ് തല ഓഫീസുകള്‍ ഇടതു സര്‍ക്കാറുകളുടെ ദുരഭിമാനത്തില്‍ കുരുങ്ങി ഇല്ലാതായിരിക്കുകയാണ്. തിരക്കേറിയ തദ്ദേശ സ്ഥാപന
ഓഫീസില്‍ പോകാതെ പൗരന്മാര്ക്ക് വീടിനടുത്ത് നിന്ന് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വിപ്ലവകരമായ ചുവട് വെപ്പിനെ തകര്‍ത്തവര്‍ ഇപ്പോള്‍ വാതില്‍പ്പടി സേവനത്തെ കുറിച്ച് വാചാലമാകുന്നതാണ് വിചിത്രം. ഗ്രാമകേന്ദ്രങ്ങള്ക്കും അയല്‍സഭകള്‍ക്കും സര്‍ക്കാര്‍ തുടര്‍ച്ച നല്കിയിരുന്നെങ്കില് കോവിഡ് കാലത്ത് താഴെ തട്ടിലെ പ്രതിരോധ പ്രവര്‍ത്തനം പതിന്മടങ്ങ് ശക്തമായേനെ. സര്‍ക്കാര്‍ നിസ്സംഗതയെ അവഗണിച്ച് ഗ്രാമകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് വാര്‍ഡ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടത്.
അധികാര വിവേകന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിന് 2014ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച സേവാഗ്രാം ഗ്രാമ/വാര്‍ഡ് കേന്ദ്രങ്ങള്‍ക്കും അയല്‍സഭകള്‍ക്കും തുടര്‍ച്ച വേണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. അയല്‍സഭകളും വാര്‍ഡ് വികസന സമിതിയും ഗ്രാമകേന്ദ്രങ്ങളുമെല്ലാം സംവിധാനിക്കുന്നതിനുള്ള യു. ഡി. എഫ് കാലത്തെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ആറ് വര്‍ഷമായി ഇടതുസര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും നല്‍കാതെ മരവിപ്പിക്കാനാണ് ശ്രമിച്ചത്. പുതിയ ഭരണസമിതികള്‍ അധികാരമേറ്റശേഷവും ഇത് സംബന്ധിച്ച നിര്‍ദ്ദേശമോ പരിശീലനമോ സര്‍ക്കാറില്‍നിന്നുണ്ടായിട്ടില്ല. എന്നാല്‍ പല തദ്ദേശ സ്ഥാപനങ്ങളും സ്വന്തം നിലയില്‍ അയല്‍സഭകളും വാര്‍ഡ് വികസനസമിതികളും രൂപീകരിച്ച് ഈ പ്രവര്‍ത്തനവുമായി മുന്നോട്ട്പോകുന്ന സ്ഥിതിയാണുള്ളത്. കോവിഡ് കാലത്ത് ഏറ്റവും ശക്തമായ പ്രതിരോധം ഒരുക്കുന്നതിനുള്ള മികച്ച സാധ്യതയേയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. കോവിഡ് കാലത്ത് വാര് റൂമും ക്ലസ്റ്ററുകളും രൂപീകരിക്കുന്നതിന് നിരന്തരം നല്കിയ നിര്‍ദ്ദേശങ്ങള്‍ വേണ്ടത്ര പ്രാവര്‍ത്തികമായിട്ടില്ല എന്ന വിലയിരുത്തലാണ് സര്‍ക്കാറിന് തന്നെയുള്ളത്. ഗ്രാമകേന്ദ്രങ്ങള്ക്കും അയല്‍സഭകള്‍ക്കും തുടര്‍ച്ച നല്കിയിരുന്നുവെങ്കില് താഴേതട്ടില്‍ പ്രത്യേക ക്ലസ്റ്ററുകള്‍ രൂപീകരിക്കാതെതന്നെ ഈ പ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ സാധിക്കുമായിരുന്നു. 1994ല്‍ കേരള പഞ്ചായത്ത്രാജ് ആക്ട്, കേരള മുനിസിപ്പല്‍ ആക്ട് എന്നിവ കൊണ്ടുവന്ന് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ചരിത്രപരമായ ഇടപെടലിലൂടെയാണ് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശക്തമായ അടിത്തറയും അധികാരവും ഫണ്ടുകളും അവസരങ്ങളും കൈവന്നത്. പിന്നീട് 1995ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ തദ്ദേശ സ്ഥാപനങ്ങളുടെ ഘടകസ്ഥാപനങ്ങളാക്കിമാറ്റി അധികാര വ്യാപ്തി വര്‍ധിപ്പിച്ചു. ഈ ചരിത്ര നേട്ടങ്ങളെ ജനകീയാസൂത്രണമെന്ന ബാനര്‍കൊണ്ട് മറയിടാന്‍ ശ്രമിച്ച ഇടതുപക്ഷം, 1995ന്ശേഷം അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ നടന്ന ഏറ്റവും ശക്തമായ ഇടപെടലായ ഗ്രാമകേന്ദ്രങ്ങളുടെ നിറംകെടുത്താനുള്ള ശ്രമമാണ് നടത്തിയത്. ഇതിലൂടെ സാധാരണക്കാരന് നഷ്ടമായത് വേഗത്തിലും സങ്കീര്ണ്ണരഹിതമായും സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരവും ജോലി മുടക്കാതെ രാത്രി സമയത്തും സേവനം ലഭിക്കുന്നതിനുള്ള വേദിയുമാണ്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യ വളരെ കൂടുതലാണ്. സൂക്ഷ്മതല ഭരണത്തിന് ജനസംഖ്യ വര്‍ധനവ് തടസ്സമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് വാര്‍ഡ് തല ഓഫീസുകളും അയല്‍സഭകളും രൂപീകരിക്കുന്നതിന് യു.ഡി. എഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീറും പ്രത്യേക താല്പര്യവും ശ്രദ്ധയും പദ്ധതിക്ക് നല്‍കിയിരുന്നു. വാര്‍ഡിലെ ജനങ്ങള്‍ക്ക് വികസനക്ഷേമസേവന കാര്യങ്ങള്‍ക്ക് തദ്ദേശ സ്ഥാപന ഓഫീസിനെ ആശ്രയിക്കുന്നതിന്പകരം വാര്‍ഡ്തല ഓഫീസിനെ സമീപിക്കുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. ഗ്രാമസേവനം എന്ന മഹാത്മാഗാന്ധിയുടെ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് വാര്‍ധയില്‍ സ്ഥാപിച്ച ഗ്രാമ വികസന പഠന പരിശീലനസേവന കേന്ദ്രത്തിന് നല്കിയ സേവാഗ്രാം എന്ന പേരാണ് ഗ്രാമ/വാര്‍ഡ് കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചത്.
പൊതുസ്ഥാപനങ്ങള്‍ കണ്ടെത്തി വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള കേന്ദ്രങ്ങളാണ് അന്ന് ആരംഭിച്ചത്. ജോലിക്ക് പോകുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുത്താതെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് രാത്രി ഏഴു വരെയായി നിശ്ചയിക്കുന്നതിന് കാരണം. ഘട്ടംഘട്ടമായി പൂര്‍ണ്ണ സേവന കേന്ദ്രം എന്ന തലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. യു.ഡി. എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് ആരംഭിച്ച പദ്ധതിക്ക് തുടര്‍ച്ച നല്‍കുന്നതിന് പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ ശ്രമിച്ചില്ല. സേവനങ്ങളത്രയും ഓണ്‍ലൈന്‍ തലത്തിലേക്ക് മാറിയ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപന ഓഫീസിനെ ആശ്രയിക്കാതെതന്നെ വാര്‍ഡില്‍നിന്ന് ജനങ്ങള്‍ക്ക് സേവനം ലഭിക്കുമായിരുന്നു. 25.06.2014ലെ സ.ഉ.(എം.എസ്)നം.112/2014/തസ്വഭവ ഉത്തരവ് പ്രകാരം 2015 ജനുവരി 26നകം സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും സേവാഗ്രാം ആരംഭിക്കണമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ വാര്‍ഡ് ഒന്നിന് 50000 രൂപ വീതം നീക്കിവെക്കണമെന്നും മേല്‍ ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ അത്തരമൊരു നിര്‍ദ്ദേശം പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാറുകളുടെ കാലത്ത് ഒരു വര്‍ഷത്തില്‍ പോലും ഉണ്ടായില്ല. 2010ന്ശേഷം ജനസംഖ്യാനുപാതികമായി പഞ്ചായത്ത് വിഭജനമോ വാര്‍ഡ് വിഭജനമോ നടന്നിട്ടില്ല. ആയതിനാല്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണ്. ഗ്രാമ കേന്ദ്രങ്ങളുടെ കമ്പ്യൂട്ടര്വത്കരിക്കുന്നതിലൂടെ ഈ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനാകും. സര്‍ക്കാര്‍ നിസ്സംഗത വെടിയുന്നപക്ഷം 941 ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്ക് കീഴിലായി 15,262 ഗ്രാമകേന്ദ്രങ്ങളും 6 കോര്‍പറേഷനുകളില്‍ 414 വാര്‍ഡ് കേന്ദ്രങ്ങളും 87 മുനിസിപ്പാലിറ്റികളില്‍ 3078 വാര്‍ഡ് കേന്ദ്രങ്ങളുമാണ് നിലവില്‍ വരിക.
സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെങ്കിലും ഗ്രാമകേന്ദ്രം/വാര്‍ഡ് കേന്ദ്രം സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വാര്‍ഡ് അംഗങ്ങള്‍ക്ക് ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമസഭാഓഫീസായും നഗരസഭകളില്‍ വാര്‍ഡ് സഭ ഓഫീസായും സേവാഗ്രാം പ്രവര്‍ത്തിക്കും. ഗ്രാമസഭ/വാര്‍ഡ് സഭ സംഘാടനത്തിനും വാര്‍ഡില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും വിലയിരുത്തുന്നതിനും ക്രോഡീകരിക്കുന്നതിനും വാര്‍ഡ് വികസന സമിതിയുടെ ആസ്ഥാന കേന്ദ്രമായും ഓഫീസ് മാറും. ഇതിന് പുറമെ ആര്.ആര്.ടി, ആരോഗ്യ ശുചിത്വ പോഷണ സമിതി, ജാഗ്രത സമിതി, വിവിധ കര്‍ഷക സമിതികള്‍, പരിസ്ഥിതി സമിതി, സോഷ്യല്‍ ഓഡിറ്റ് സമിതി, കുടുംബശ്രീ എ.ഡി.എസ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഏകോപന സമിതി, ഗുണഭോക്തൃ സമിതികള്‍, വയോജന ക്ലബ്ബ്, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ രൂപീകരിക്കുന്ന മറ്റു ജനകീയ സമിതികള്‍ എന്നിവയുടെയെല്ലാം ഓഫീസ് ഗ്രാമകേന്ദ്രങ്ങളായിരിക്കും.
വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളാണ് ഓഫീസിനായി ഉപയോഗപ്പെടുത്തേണ്ടത്. ഇവ ലഭ്യമല്ലാത്തപക്ഷം 25 ച.മീ വിസ്തീര്‍ണമുള്ള വാടക കെട്ടിടങ്ങളെ സേവാഗ്രാമിനായി കണ്ടെത്തണം. വാടക, സ്റ്റേഷനറി, യോഗനടത്തിപ്പ് എന്നിവക്കായി വര്‍ഷത്തില്‍ വാര്‍ഡിന് 50000 രൂപവരെ വികസനതനത് ഫണ്ടില്‍നിന്നും ഉപയോഗപ്പെടുത്താം. ഇതിന്പുറമെ പ്രത്യേക പദ്ധതി തയ്യാറാക്കി ഫര്‍ണിച്ചറുകളും വാങ്ങാവുന്നതാണ്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി പ്രാദേശിക വിഭവ സമാഹരണവും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്. ആഴ്ചയില്‍ അഞ്ച് ദിവസം ഉച്ചക്ക് ശേഷം മൂന്നു മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനം. കേന്ദ്രത്തിന്റെ മുഖ്യ ചുമതല വാര്‍ഡ് അംഗത്തിനും വസ്തുക്കളുടെ സൂക്ഷിപ്പ് ചുമതല തദ്ദേശസ്ഥാപന സെക്രട്ടറിക്കും രേഖകളുടെ സൂക്ഷിപ്പ് ചുമതല വാര്‍ഡ് വികസനസമിതി കണ്വീനര്ക്കുമായിരിക്കും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ് അംഗത്തെ സഹായിക്കുന്നതിന് തദ്ദേശസ്ഥാപനത്തിലെയോ ഘടകസ്ഥാപനങ്ങളിലേയോ ഒരു ഉദദ്യോഗസ്ഥനെ ഭരണസമിതി നിശ്ചയിക്കുന്നതാണ്. പ്രവര്‍ത്തനം നടത്തുന്നതിന് സന്നദ്ധ പ്രവര്‍ത്തകനെ ഫെസിലിറ്റേറ്ററായി നിയോഗിക്കണം. ഇദ്ദേഹമാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുക. വാര്‍ഡിലെ ഗുണഭോക്തൃ ലിസ്റ്റ്, അറിയിപ്പുകള്, ഉത്തവരവുകള്, സ്ഥിതിവിവര കണക്കുകള്‍ തുടങ്ങിയവയെല്ലാം ഗ്രാമകേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും.
പി.കെ ഷറഫുദ്ദീന്
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala14 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

