തിരുവനന്തപുരം: സംവിധായകന്‍ കമലിന് പിന്തുണയുമായി നടന്‍ വിനയ്‌ഫോര്‍ട്ട് രംഗത്ത്. എല്ലായിടത്തും അസഹിഷ്ണുതയാണ് നിലനില്‍ക്കുന്നതെന്ന് വിനയ് പറഞ്ഞു. നമ്മുടെ സിനിമയേയും സാഹിത്യത്തേയും കുറിച്ച് അഭിമാനമുണ്ടായിരുന്നു. ദേശീയ ഗാനത്തിന്റെ കാര്യവും അങ്ങനെ തന്നെ. എന്നാല്‍ സിനിമക്കു മുമ്പ് നിര്‍ബന്ധപൂര്‍വ്വം ദേശീയഗാനം കേള്‍പ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും വിനയ്‌ഫോര്‍ട്ട് പറഞ്ഞു.

നല്ല സിനിമകള്‍ മലയാളത്തിന് നല്‍കിയ സംവിധായകനായ കമല്‍ സാറിനെ അദ്ദേഹത്തിന്റെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കുന്നത് ദു:ഖകരമാണ്. തന്റെ ജാതി തന്നെ പലപ്പോഴും മറന്ന് പോകാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടേയും മതത്തിന്റേയും കലയുടേയുമൊക്കെ അടിസ്ഥാന ആശയം നല്ല മനുഷ്യനെ സൃഷ്ടിക്കുക എന്നതാണെന്ന് വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഇന്ന് എല്ലായിടത്തും അസഹിഷ്ണുതയാണ്. വളരെ ദു:ഖകരമായ അവസ്ഥയാണിത്. ഒരു ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നത്. ഒരു ചിത്രശലഭത്തിന്റെ ആയുസ് മാത്രമേ നമുക്കുള്ളൂ. അതിനിടയില്‍ എവിടെയാണ് കലഹിക്കാന്‍ നേരമുണ്ടാകുന്നത്. നമ്മുടേത് ചെറിയ ജീവിതമാണെന്നും വിനയ് പറയുന്നു. തിയ്യേറ്ററുകളിലെ ദേശീയ ഗാനവിവാദത്തിലും കമലിനോടുള്ള ബിജെപിയുടെ സമീപനത്തിലും മുഖ്യധാരയിലുള്ള താരങ്ങള്‍ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി വിനയ്‌ഫോര്‍ട്ട് രംഗത്തെത്തുന്നത്.