kerala

ഓടിച്ചതല്ല, ഓടിയതാണെന്ന് വിനീത് ശ്രീനിവാസന്‍

By webdesk13

February 27, 2023

ആലപ്പുഴ വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേളക്ക് ശേഷം ഓടിയത് സ്വമേധയാണെന്ന് നടന്‍ ശ്രീനിവാസന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ വ്യക്തമാക്കിയത്. വാരനാട് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ഗാനമേള മോശമായതിനാല്‍ ജനം ഓടിച്ചതാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇത് നിഷേധിച്ചാണ് നടന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം. ആലപ്പുഴ വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്.

പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല.

പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!