കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ വി.കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്.
കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ പാടില്ല എന്നാണ് പരോള്‍ ചട്ടം. അച്ഛന് അസുഖമാണെന്ന് പറഞ്ഞാണ് നിഷാദിനു അടിയന്തര പരോള്‍ നേടിയത്. 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ജയിലില്‍ കിടന്നത് ഒരു മാസം മാത്രമാണ്. 2012 ഓഗസ്റ്റ് ഒന്നിനു പയ്യന്നൂര്‍ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണ് ശിക്ഷിച്ചത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പയ്യന്നൂര്‍ പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. നാല് പ്രതികളില്‍ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും. 20 വര്‍ഷം തടവിന് പുറമെ രണ്ട് പേരും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് വി.കെ നിഷാദ്. നിലവില്‍ പയ്യന്നൂര്‍ മുന്‍സപാലിറ്റി കൗണ്‍സിലറും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി.കെ. നിഷാദ്.