News

നഗരൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമം; വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ് എന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

By vismaya

February 28, 2026

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ് എന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

നഗരൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായി രേഖപ്പെടുത്തിയിട്ടുള്ളവരെ തിരിച്ചറിയുന്നതിനും നോട്ടീസ് നല്‍കുന്നതിനുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ നടപടി അത്യന്തം ഖേദകരമാണെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

”വഴിയെ പോകുന്ന ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരളാ പൊലീസ് എന്ന ധാരണ ആരുടെയെങ്കിലും മനസ്സിലുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്,” എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് പൊതുപ്രവര്‍ത്തകനാകാനുള്ള യോഗ്യതയുണ്ടോയെന്ന് പ്രബുദ്ധ കേരളം വിലയിരുത്തുമെന്നും അസോസിയേഷന്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടന സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.