kerala

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അക്രമം: പോക്സോ കേസ് പ്രതി ട്രോമ കെയര്‍ യൂണിറ്റില്‍ ചില്ലുകള്‍ തകര്‍ത്തു

By sreenitha

January 23, 2026

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിച്ച പോക്സോ കേസ് പ്രതി പൊലീസിന്റെ മുന്നില്‍വച്ച് ട്രോമ കെയര്‍ യൂണിറ്റില്‍ അക്രമം നടത്തി. തിരുനെല്‍വേലി സ്വദേശി പരമശിവമാണ് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ കാബിനിലെ ചില്ലുകള്‍ അടിച്ചു തകര്‍ത്തത്.

പോലീസ് കസ്റ്റഡി നടപടികളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. അക്രമത്തില്‍ തലനാരിഴയ്ക്കാണ് മറ്റ് രോഗികളും ആശുപത്രി ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

മുന്‍പ് വളപട്ടണം പൊലീസ് ജീപ്പും ഇയാള്‍ അടിച്ചു തകര്‍ത്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ് കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി.

ആശുപത്രിയിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച് സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റ് ശക്തിപ്പെടുത്തണമെന്ന് സ്റ്റാഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.