kerala

നഴ്സുമാരുടെ ഹോസ്റ്റലില്‍ അതിക്രമം: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

By webdesk18

December 15, 2025

തലശ്ശേരി (കണ്ണൂര്‍): തലശ്ശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ പാറാട് പുത്തൂര്‍ ക്ലബിന് സമീപം മുക്കത്ത് ഹൗസില്‍ മുഹമ്മദ് അജ്മല്‍ (27) എന്നയാളെയാണ് തലശ്ശേരി പോലീസ് പിടികൂടിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം നടന്നത്. ഹോസ്റ്റലില്‍ കയറിയ പ്രതി യുവതിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ എസ്ഐ കെ. അശ്വതി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലും പരിസരങ്ങളിലും സ്ഥാപിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, പ്രതിയുടെ ദൃശ്യങ്ങള്‍ ശേഖരിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി നാരങ്ങാപ്പുറത്തെ ഒരു വീട്ടിലും പ്രതി കയറിയതായി വിവരം ലഭിച്ചു. ഇന്‍സ്പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ തലശ്ശേരി നഗരത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളുടെ പരിസരങ്ങളിലും വ്യാപകമായ തിരച്ചില്‍ നടത്തി. വൈകീട്ട് ആറുമണിയോടെ എസ്ഐ കെ. അശ്വതി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജില്‍, ഹിരണ്‍, സായൂജ് എന്നിവര്‍ ചേര്‍ന്ന് തലശ്ശേരിയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ഷമീല്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ബലാത്സംഗം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ നാല് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.