29 ാമത് ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനത്തില്‍ പി. ഭാസ്‌കരന്റെ സ്മരണകള്‍ ഉണര്‍ത്തി നീലക്കുയിലിന്റെ പ്രദര്‍ശനം നടന്നു. നീലക്കുയിലില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനെ നിള തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിന്‍ മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി. അജോയ് അര്‍പ്പിച്ചു.
നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്‌കരന്‍ മാഷിന്റെ കൂടെ പ്രവര്‍ത്തിച്ചതിന്റെയും ഓര്‍മ്മകളില്‍ വിപിന്‍ മോഹന്‍ വാചാലനായി. ഭാസ്‌ക്കരന്‍ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തില്‍ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്‌കരന്‍ നവോത്ഥാന കേരളത്തിന്റെ നായകനാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.
‘മലയാള സിനിമയിലും ആകാശവാണിയിലെ പ്രവര്‍ത്തന രീതിയിലും സാഹിത്യ സംസ്‌ക്കാരത്തിന് രൂപം നല്‍കിയത് ഭാസ്‌കരന്‍ മാഷാണ്, മലയാള സിനിമയില്‍ ആദ്യമായി തനതായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. എന്നാല്‍ ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓര്‍മിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു’ സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.