വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വീട്ടമ്മയുടെയും 1.30 കോടി രൂപ നഷ്ടപ്പെട്ട ഡോക്ടറുടെയും അനുഭവങ്ങള്‍ നിയമത്തിനും നിയന്ത്രണങ്ങള്‍ക്കുമൊന്നും പിടികൊടുക്കാതെ വ്യാപകമായിത്തീര്‍ന്ന ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകളായി മാറിയിരിക്കുകയാണ്. ദീര്‍ഘ കാലത്തെ വിദേശജോലിക്കു ശേഷം നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വീട്ടമ്മയാണ് രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്റ്റിലകപ്പെട്ടത്.
ഈ മാസം രണ്ടിന് ഉച്ചക്കാണ് ഇവരുടെ ഫോണിലേക്ക് വീഡിയോ കോള്‍വരുന്നത്. മുംബൈ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വിളിക്കുന്നതെന്നും കനറാബാങ്ക് അക്കൗണ്ടിലെ ആധാര്‍ കാര്‍ഡില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഇതേപ്പറ്റി അറിയാനാണ് കോള്‍ ചെയ്തതെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ തനിക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാത്രമേ അക്കൗണ്ടുള്ളൂ എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കൂ എന്നാവശ്യപ്പെടുകയും മറ്റാരോടും പറയരുതെന്നും നിര്‍ദ്ദേശിച്ച് തുടര്‍ന്ന സംസാരം രാത്രി 11.30 വരെ തുടരുകയും ചെയ്യുകയായിരുന്നു.
അന്ന് പുലര്‍ച്ചേ വീണ്ടും വീണ്ടും വിളിച്ച് അക്കൗണ്ടിലെ മുഴുവന്‍ തുകയും നല്‍കിയാലേ കേസില്‍ നിന്നൊഴിവാക്കുകയുള്ളൂ എന്ന ഭീഷണി മുഴക്കുകയുണ്ടായി. ഭയപ്പെട്ടുപോയ ഇവര്‍ പിറ്റേദിവസം ബാങ്കിലെത്തി തന്റെ പേരിലുള്ള മൂന്ന് സ്ഥിര നിക്ഷേപങ്ങളും പിന്‍വലിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മക്കള്‍ക്ക് അയക്കാനാണെന്ന് പറഞ്ഞ് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ട്രാന്‍സ്ഫര്‍ ചെയ്യാനായി നല്‍കിയ അക്കൗണ്ട് നമ്പറില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഫോണ്‍വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് രക്ഷപ്പെട്ട കഥയാണ് വീട്ടമ്മയുടേതെങ്കില്‍ സമാനമായ സാഹചര്യത്തില്‍ എറണാകുളത്ത് മുതിര്‍ന്ന ഡോക്ടര്‍ക്ക് നഷ്ടമായത് 1.30 കോടിരൂപയാണ്.
ഈ മാസം ഒന്നുമുതല്‍ ആറുവരെയുള്ള ദിനങ്ങളിലാണ് ഡോക്ടര്‍ തട്ടിപ്പില്‍ അകപ്പെട്ടത്. ടെലികോമില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു ഡോക്ടര്‍ക്ക് കോള്‍ വന്നത്. തന്റെ മൊബൈല്‍ നമ്പര്‍ തട്ടിപ്പിനുപയോഗിച്ചിട്ടുണ്ടെന്നും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡോക്ടറെ ധരിപ്പിച്ച തട്ടിപ്പുകാര്‍ പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീഡിയോകോള്‍ ചെയ്ത് 48 മണിക്കൂറോളമാണ് കയറില്ലാതെ കെട്ടിയിട്ടത്. കൈയ്യിലുള്ള പണത്തിന്റെ ഉറവിടം ലഭ്യമാവണമെന്നും ഇതിനായി അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റണമെന്നും പരിശോധന കഴിഞ്ഞ് തിരികെ നല്‍കുമെന്നുമായിരുന്നു അറിയിപ്പ്. നിര്‍ദേശപ്രകാരം കൈമാറിയ പണം തിരികെ കിട്ടാതായപ്പോയാണ് തട്ടിപ്പിനിരയായ വിവരം ഡോക്ടര്‍ തിരിച്ചറിയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും. പണത്തിന്റെ തുടര്‍ കൈമാറ്റം പൊലീസ് ഫ്രീസ് ചെയ്യുകയും മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വെര്‍ച്വല്‍ അറസ്റ്റിന്റെയും ഡിജിറ്റല്‍ തട്ടിപ്പിന്റെയുമൊക്കെ വാര്‍ത്തകള്‍ നിരന്തരം പുറത്തുവരികയും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പലതവണ ഉണ്ടാവുകയും ചെയ്തിട്ടും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുതിര്‍ന്ന പൗരന്‍മാരില്‍ നിന്നുള്‍പ്പെടെ രാജ്യവ്യാപകമായി 3000 കോടിയിലധികം രൂപ തട്ടിയെടുത്ത ഡിജിറ്റല്‍ അറസ്റ്റിന്റെ വ്യാപ്തിയില്‍ പരമോന്നത നീതി പീഠംതന്നെ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കര്‍ശനവും കഠിനവുമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
ഹരിയാനയിലെ അംബാല സ്വദേശിനിയായ വയോധിക ചീഫ്ജസ്റ്റിസിന് എഴുതിയ കത്ത് സ്വമേധയാ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. കുറ്റകൃത്യങ്ങളുടെ ഈ കാലത്ത് എല്ലാ തട്ടിപ്പുകളെക്കുറിച്ചും എപ്പോഴും ബോധവനായിരിക്കുക എന്നതാണ് ഈ കെണിയില്‍ അകപ്പെടാതിരിക്കാനുള്ള പ്രധാന പോംവഴി. പൊലീസ്, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ ഇത്തരത്തില്‍ പണമോ ബാങ്കിംഗ് വിശദാംശങ്ങളോ ഫോണ്‍വഴി ആവശ്യപ്പെടില്ലെന്ന പ്രാഥമിക അറിവ് എപ്പോഴും ഓര്‍മയിലുണ്ടായിരിക്കുകയും വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുകയും വേണം.
എന്തെങ്കിലും കാരണവശാല്‍ ഈ കെണിയില്‍ വീണുപോയാല്‍ ബാങ്കില്‍ ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യം. രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും തട്ടിപ്പുകാര്‍ പിന്‍വാങ്ങുന്നില്ല എന്നതും വസ്തുതയാണ്. കാരണം ഇപ്പോഴും ഇവരുടെ കെണിയില്‍ കുടുങ്ങാന്‍ ആളുകളുണ്ടെന്ന് സംഘത്തിന് നന്നായി അറിയാം. എന്തായാലും രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് രീതികളില്‍ ഒന്നുമാത്രമാണ് ഡിജിറ്റല്‍ അറസ്റ്റ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടായേ മതിയാവൂ.