gulf

വിസിറ്റിംഗ്, ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഹജ്ജിന് അനുമതിയില്ല; സഊദി ഹജ്ജ് മന്ത്രാലയം

By webdesk11

May 29, 2023

റിയാദ്: വിസിറ്റ്, ടൂറിസം, ട്രാന്‍സിറ്റ് , താല്‍കാലിക വര്‍ക്ക് തുടങ്ങിയ വിസകളില്‍ രാജ്യത്തുള്ളവര്‍ക്ക് ഇക്കൊല്ലത്തെ ഹജ്ജ് കര്‍മ്മത്തിന് അനുമതി ഉണ്ടാകില്ലെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഹാജിമാരില്‍ സഊദിയില്‍ താമസ വിസയിലുള്ളവരും ഹജ്ജിന് മുന്‍കൂട്ടി അനുമതി ലഭിച്ചവരുമായവര്‍ക്ക് മാത്രമേ വിശുദ്ധ കര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാതെ മറ്റു വിസകളില്‍ രാജ്യത്തുള്ളവര്‍ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷ നടപടികള്‍ക്ക് വിധേയമാകുമെന്നും മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരും അവര്‍ക്ക് സഹായം ചെയ്യുന്നവരും പിടിയിലാകും. മേല്പറഞ്ഞ വിസകളില്‍ രാജ്യത്ത് കഴിയുന്നവര്‍ ഹജ്ജ് ഉംറ കമ്പനികളുടെയോ മറ്റു ഏജന്റുമാരുടെയോ പ്രലോഭനങ്ങളില്‍ പെട്ട് ഒരു കാരണവശാലും ഹജ്ജ് കര്‍മ്മത്തിന് മുതിരരുതെന്നും കര്‍ശനമായ പരിശോധനകളാണ് നടത്തുകയെന്നും നിയമവിരുദ്ധമായി പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷക്ക് പുറമെ വന്‍തുക പിഴയും നാട്കടത്തലും നേരിടേണ്ടി വരുമെന്നും മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി.