ന്യൂഡൽഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥനയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്യൂവെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.
‘പ്രിയപ്പെട്ട സഹോദരന്മാരെ, സഹോദരിമാരെ, ബിഹാറിലെ യുവജനങ്ങളെ, നിങ്ങളുടെ ഭാവിയെ നിങ്ങൾ രൂപപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകൂ. തൊഴിലിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യുക. ജനാധിപത്യത്തിനും ഭരണഘടനക്കും വോട്ടവകാശത്തിനും വേണ്ടി സമ്മതിദാനവകാശം രേഖപ്പെടുത്തൂ’- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന് ഈ തെരഞ്ഞെടുപ്പ് അതിനിർണായകമാണ്. വനിതകൾക്ക് 30000 രൂപയുടെ വാർഷിക സഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയുമടക്കം വമ്പൻ വാഗ്ദാനങ്ങളാണ് ആർ.ജെ.ഡിയുടെ യുവനേതാവ് വോട്ടർമാർക്ക് മുന്നിൽവെക്കുന്നത്. വൈശാലി ജില്ലയിലെ രഘോപൂരിൽ നിന്ന് 2015 മുതലാണ് തേജസ്വി ജയിച്ചു വരുന്നത്. ജെ.ഡി.യു മുൻ എം.എൽ.എ കൂടിയായ സതീഷ് കുമാർ യാദവാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.