kerala

വോട്ടര്‍ പട്ടിക: അപ്പീലുകള്‍ പ്രഹസനമാക്കുന്നു, ക്രമക്കേട് പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകിച്ച: മുസ്‌ലിം ലീഗ്‌

By webdesk14

October 29, 2025

സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക അട്ടിമറിക്കപ്പെട്ടുവെന്നും അപ്പീലുകൾ പ്രഹസനമായി മാറുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ മുസ്ലിംലീഗ് പ്രതിനിധി പി കെ ഷറഫുദ്ദീൻ കുറ്റപ്പെടുത്തി. വാർഡ് വിഭജനത്തിൽ തുടങ്ങിയ അട്ടിമറി വോട്ടർ പട്ടിക പരിഷ്‌കരണത്തിലും തുടരുകയാണ്. പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഒരു രാഷ്ട്രീയ പാർട്ടിയുടെ ജീവനക്കാർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഇവരെ അതിൽ നിന്നും മോചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലേക്ക് കൊണ്ടുവരണം. ഗൗരവമുള്ള പരാതികളിൽ പോലും നടപടി സ്വീകരിക്കുന്നില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. വോട്ടർ പട്ടിക ചോർത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ക്രമക്കേടുകൾ ആവർത്തിക്കില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നാം ഘട്ടത്തിലെ പരാതി പരിഹരിക്കാനാണ് വീണ്ടും അവസരം നൽകിയത്. എന്നാൽ ഇത് പരാതി വർദ്ധിപ്പിക്കുകയാണ് ചെയ്തത്. വോട്ടർമാരെ കൂട്ടത്തോടെ വാർഡ് മാറ്റുന്നതും വെട്ടി നീക്കുന്നതും സംബന്ധിച്ച പരാതി വ്യാപകമാണ്. അപേക്ഷകളിൽ കൈക്കൊണ്ട തീരുമാനം സംബന്ധിച്ച് രേഖാമൂലം അപേക്ഷകന് വിവരം നൽകണമെന്ന കമ്മീഷന്റെ നിർദ്ദേശം പാലിക്കപ്പെടാത്തതും ബൾക്ക് ട്രാൻസ്‌പോസിഷന് സെക്രട്ടറിമാർക്ക് നൽകിയ അധികാരവുമാണ് അട്ടിമറിക്ക് പ്രധാന കാരണം. ഹിയറിങ് രജിസ്റ്റർ സൂക്ഷിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. അതിനാൽ കൃത്യമായി രേഖകൾ സമർപ്പിച്ച പലരും പട്ടികയിൽ ഉൾപ്പെടാത്ത സ്ഥിതിയുണ്ട്.

പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് സംബന്ധിച്ച് ജോയിൻ ഡയറക്ടർക്ക് നൽകുന്ന അപ്പീലുകൾ പ്രഹസനമാവുകയാണ്. വീഴ്ച വരുത്തിയ സെക്രട്ടറിമാരിൽ നിന്ന് തന്നെ റിപ്പോർട്ട് വാങ്ങി തീർപ്പാക്കുന്ന വിചിത്ര നടപടിയാണ് സ്വീകരിക്കുന്നത്. ബൾക്ക് ട്രാൻസ്ഫറിന് സെക്രട്ടറിമാർക്ക് നൽകിയ അധികാരം പലയിടത്തും ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നോട്ടീസ് പ്രസിദ്ധീകരിച്ച് ആക്ഷേപം സ്വീകരിക്കണമെന്ന കമ്മീഷന്റെ നിർദ്ദേശം കാറ്റിൽ പറത്തിയാണ് സെക്രട്ടറിമാർ രാഷ്ട്രീയ ലക്ഷ്യത്തോടെ വോട്ടുകൾ കൂട്ടത്തോടെ മാറ്റിയത്. കൊടുവള്ളി നഗരസഭയിൽ 30 വാർഡുകളിലായി ആയിരത്തിലേറെ വോട്ടർമാരെയാണ് സെക്രട്ടറി വിവിധ വാർഡുകളിലേക്ക് ക്രമവിരുദ്ധമായി മാറ്റിയത്.