Connect with us

kerala

വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം

സി.പി.എമ്മിന് വേണ്ടി വിടുവേല ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണം

Published

on

തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനു ശേഷം തയ്യാറാക്കിയ കരട് വോട്ടർപട്ടികയിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പെ ചോർന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു.

പട്ടികയും പട്ടിക തയ്യാറാക്കുന്നതിനായി പുതിയ വാർഡ് അടിസ്ഥാനത്തിൽ വോട്ടർമാരെ ക്രമീകരിച്ചതിന്റെ ഡ്രാഫ്റ്റ് റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ മുഖേന സി.പി.എം പ്രവർത്തകർക്ക് ചോർത്തി നൽകിയത്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം ഇത് സംഭവിച്ചിട്ടുണ്ട്. സി.പി.എമ്മിന് വേണ്ടി വിടുവേല ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണം.

ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. സി.പി.എം ഓഫീസിൽനിന്ന് തയ്യാറാക്കുന്ന വാർഡ് വിഭജന പ്രൊപ്പോസലുകൾ ഉദ്യോഗസ്ഥർ അന്തിമമാക്കുന്നത് പോലെയുള്ള മറ്റൊരു ഏർപ്പാടാണ് ഈ വോട്ടർ പട്ടിക ചോർത്തൽ. ഉദ്യോഗസ്ഥർ മുഖേന താഴെ തട്ടിലുള്ള സി.പി.എമ്മുകാർക്ക് ഡ്രാഫ്റ്റ് റിപ്പോർട്ട് ചോർത്തുന്നത് സി.പി.എം അനുഭാവികളുടെ മാത്രം വോട്ട് വേഗത്തിൽ ചേർക്കുന്നതിന് വേണ്ടിയാണ്. വോട്ടർ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനുള്ള സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നതിൽനിന്ന് നീട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഡ്രാഫ്റ്റ് ചോർത്തുന്നത്. ഇത് അക്ഷന്തവ്യമായ ക്രമക്കേടും ഗുരുതരമായ അവകാശ ലംഘനവുമാണ്.

ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുള്ള ഈ നാടകത്തെ മുസ്ലിംലീഗ് നിയമപരമായും രാഷ്ട്രീയമായും നേരിടും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയ ശേഷം മാത്രമേ പട്ടിക പുറത്തു വരാൻ പാടുള്ളൂ എന്നിരിക്കെ ഇപ്പോൾ സംഭവിച്ചത് ഗുരുതരമായ പിഴവാണ്. ക്രമക്കേട് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടർ പട്ടിക ചേർത്തിരിക്കുന്നത്. മുസ്ലിംലീഗിന്റെ ജനപ്രതിനിധികളുടെ സംഘടനയായ എൽ.ജി.എം.എൽ ഇതിനകം തന്നെ ഈ സംഭവത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് ഈ ഉദ്യോഗസ്ഥരെ മാറ്റി നിർത്തുകയും വേണം.- പി.എം.എ സലാം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending