kerala

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള തിയതി നീട്ടി; ഓഗസ്റ്റ് 12 വരെ പേര് ചേര്‍ക്കാം

By webdesk14

August 07, 2025

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തിയതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടര്‍പട്ടിക പുതുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിക്കാന്‍ ഇന്നലെവരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി ഓണ്‍ലൈനില്‍ അപേക്ഷാ പ്രവാഹമാണ്. രണ്ടാഴ്ചകൊണ്ട് 21.84 ലക്ഷം അപേക്ഷകളാണു ലഭിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ സിറ്റിസന്‍ റജിസ്ട്രേഷന്‍ നടത്തി പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയുമായി ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഇവരെ ഹാജരാകണം. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരെ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. പകരം, അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആര്‍ഒയ്ക്ക് ഇമെയിലായി അയച്ചു നല്‍കുകയും ഇവരുടെ രക്തബന്ധുക്കള്‍ രേഖകളുമായി ഇആര്‍ഒ മുന്‍പാകെ ഹാജരാകുകയും വേണമെന്നാണു നിര്‍ദേശം.