കോഴിക്കോട്: സി.പി.എമ്മിന് വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത വിവരിച്ച് ഇടത് ചിന്തകന്‍ സിവിക് ചന്ദ്രന്‍. എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫിസ് അടിച്ചുപൊളിക്കുകയും സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിവിക് ചന്ദ്രന്റെ പ്രതികരണം.
ഉമ്മന്‍ ചാണ്ടി മുതല്‍ എം.കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് എന്നാണ്. ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയമാണ്. കൈ പിടിച്ച് കുലുക്കുമ്പോഴും നോട്ടം കുതികാലിലാണ്. ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി.ടി ബലറാം എ.കെ.ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയതെന്നും സിവിക് ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ പ്രതികരണത്തില്‍ പറയുന്നു.
സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണം. ലൈംഗികരാജകത്വം/അവിഹിതം/പ്രകൃതി വിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങള്‍ ഏറെ. അഞ്ച് സെന്റ് എന്ന മലയാറ്റൂര്‍ നോവലിലെ നായകന്‍ ആരെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ. ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാല്‍ മാര്‍ക്‌സിന്റെ ജീവിതത്തില്‍ തന്നെയുണ്ട്. അതുകൊണ്ട് മാത്രം ദാസ് കാപ്പിറ്റല്‍ റദ്ദായി പോകുന്നില്ലല്ലോ.
കമ്യുണിസ്റ്റുകാരും മനുഷ്യര്‍, ചിലപ്പോള്‍ വെറും മനുഷ്യര്‍. മനുഷ്യസഹജമായത് നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നു. എ.കെ.ജി കേരളത്തിന്റെ പ്രിയ ജനനായകനാണ്. പക്ഷെ അദ്ദേഹത്തെക്കുറിച്ച് (ഞങ്ങളെക്കുറിച്ചും) മിണ്ടിപ്പോകരുത് എന്ന ഫതുവ വിലപ്പോവില്ല. ബലറാമിന്റെ ഫെയ്‌സ്ബുക്ക് ഇടപെടലിനെതിരെ കേസെടുത്തോളു. അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങള്‍ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം. എം.എല്‍.എ ആയതിനാല്‍ ആട്, കോഴി വിതരണത്തേയും റോഡ്, പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവു എന്ന് ശഠിക്കരുത്.
ഈസി വാക്കോവറുകളേ ഇടതുപക്ഷ സുഹൃത്തുക്കള്‍ക്ക് പരിചയമുള്ളു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മറു കളത്തിലും കളിക്കാരുണ്ട്. ഗോള്‍ മുഖത്തേക്ക് പാഞ്ഞുകയറാന്‍ മിടുക്കരായ ചിലരും അവരിലുണ്ട്. സ്വയം റെഫറി ചമഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല. പൊരുതി മാത്രമെ ഇനി വിജയിക്കാനാവൂ. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായ വ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ലെന്നും സിവിക് ചന്ദ്രന്‍ പറയുന്നു.
Be the first to write a comment.