കണ്ണൂർ: ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സി.പി.എം പുറത്താക്കിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് അജ്ഞാതർ കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്റെ ബൈക്കാണ് ഇന്നലെ രാത്രി വീടിന്റെ മുറ്റത്തിൽ നിന്ന് പറമ്പിലേക്ക് മാറ്റി തീയിട്ടത്.
സമീപ പ്രദേശത്ത് വീടുകൾ ഇല്ലാത്തതിനാൽ ബൈക്ക് കത്തിച്ച വിവരം ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് പൂർണമായും കത്തിയ നിലയിൽ ബൈക്ക് പ്രസന്നൻ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വെള്ളൂർ മേഖലയിൽ പ്രകടനം നടന്നിരുന്നു. പ്രസന്നനായിരുന്നു പ്രകടനത്തിന് നേതൃത്വം നൽകിയത്. പ്രകടനത്തിൽ പങ്കെടുത്തതിന്റെ വിരോധത്തിലാണ് സി.പി.എം പ്രവർത്തകർ ബൈക്ക് കത്തിച്ചതെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം. മുൻപ് സജീവ പാർട്ടി പ്രവർത്തകനായിരുന്ന പ്രസന്നൻ നിലവിൽ പാർട്ടി അനുഭാവിയാണെന്നും ഇവർ പറയുന്നു.
ഇതിനിടെ, സി.പി.എം പുറത്താക്കിയതിന് പിന്നാലെ ഇന്നലെ വൈകിട്ട് കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സി.പി.എം പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. കുഞ്ഞികൃഷ്ണൻ വീട്ടിലില്ലാതിരുന്ന സമയത്തെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പരസ്യ പ്രതിഷേധം നടത്തിയും പ്രദേശം സംഘർഷാവസ്ഥയിലാക്കി.
പയ്യന്നൂരിലെ സി.പി.എം നേതാവും എം.എൽ.എയുമായ ടി.ഐ. മധുസൂദനനെതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് വി. കുഞ്ഞികൃഷ്ണനെ പാർട്ടി ഞായറാഴ്ച പുറത്താക്കിയത്. വിഷയം കടുത്ത വിവാദമായതിനെ തുടർന്ന് ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വ ഐക്യകണ്ഠമായാണ് പുറത്താക്കൽ തീരുമാനമെടുത്തത്. കുഞ്ഞികൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും, നേരത്തെ അവസാനിപ്പിച്ച വിഷയം വീണ്ടും ഉയർത്തി രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നേതൃത്വം വിലയിരുത്തി.
തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗം സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകി. ചൊവ്വാഴ്ച ചേരുന്ന പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പുറത്താക്കൽ തീരുമാനം റിപ്പോർട്ട് ചെയ്യുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
വെള്ളിയാഴ്ചയാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഫണ്ട് തിരിമറി ആരോപണം ഉയർത്തിയത്. വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും കുഞ്ഞികൃഷ്ണൻ അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയനായ ടി.ഐ. മധുസൂദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്.
നേരത്തെ, കുഞ്ഞികൃഷ്ണന്റെ പരാതിയെ തുടർന്ന് ടി.ഐ. മധുസൂദനനെതിരെ തരംതാഴ്ത്തൽ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും മാസങ്ങൾക്കകം അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തിരുന്നു. മാത്രമല്ല, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ മധുസൂദനനെ മത്സരിപ്പിക്കാനുള്ള ധാരണയും നേതൃത്വ തലത്തിൽ ഉണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്.