എറണാകുളം: കൊച്ചി വൈപ്പിനില്‍ യുവാവിനെ അടിച്ചുകൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ചെറായി സ്വദേശി പ്രണവിനെ അടിച്ചുകൊന്ന കേസില്‍ ചെറായി സ്വദേശികളായ അമ്പാടി, ശരത്, ജിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ പ്രതിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി പൊലീസ് റൈഡ് തുടരുകയാണ്.

കാമുകിയെച്ചൊല്ലിയുള്ള തര്‍ക്കം കൊലയ്ക്ക് കാരണമെന്നാണ് സൂചന. കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ മുന്‍പുണ്ടായ തര്‍ക്കമാണെന്നും റിപ്പോര്‍ട്ടുണ്ട്. ലഹരി ഉപയോഗിക്കുകയും വില്‍പ്പന്ന നടത്തുകയും ചെയ്യുന്ന സംഘമാണ് പ്രതികളെന്നും പൊലീസ് സംശയിക്കുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കാളിയയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. പള്ളത്താംകുളങ്ങര ബീച്ചിലേക്കു എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡിലാണ് മൃതദേഹം കണ്ടത്. ചെറായി പാഞ്ചാലത്തുരുത്തു കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകനാണ് കൊല്ലപ്പെട്ട പ്രണവ്. മത്സ്യ തൊഴിലാളികളാണ്  മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൈയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. കൊലക്ക് ഉപയോഗിച്ച വടികളും മറ്റും സമീപത്തുണ്ടായിരുന്നു.