News

വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജാമ്യം

By vismaya

February 01, 2026

കൊച്ചി: വാളയാര്‍ ഈസ്റ്റ് അട്ടപ്പള്ളത്ത് നടന്ന ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍ക്കാട് എസ്.സിഎസ്.ടി കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ ഇനി പതിനൊന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. മറ്റ് സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തുപോകരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം, ജാതീയമായും വംശീയമായും അധിക്ഷേപിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് സംഭവം നടന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ ജോലിക്കെത്തിയ രാംനാരായണ്‍ ഭാഗേല്‍, വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്.

ഗുരുതരമായി പരിക്കേറ്റ രാംനാരായണ്‍ അതേ രാത്രി തന്നെ മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ നാല്‍പതിലേറെ ഗുരുതര മുറിവുകളുണ്ടായിരുന്നുവെന്നും പലയിടത്തും ആന്തരിക രക്തസ്രാവമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.