തൃശൂര്‍: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം നല്‍കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഉറപ്പുലഭിച്ച സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.
വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്നത് മറച്ചുവെയ്ക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു. ബംഗ്ലാദേശിയെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ട ആക്രമണം നടത്തിയത്. ആര്‍എസ്എസ് നേതാക്കള്‍ ഇതിന് നേതൃത്വം നല്‍കി. വെറും ആള്‍ക്കൂട്ട കൊലയല്ല നടന്നത്. പ്രതികള്‍ക്ക് പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
31 കാരനായ രാംനാരായൺ ഭയ്യ കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി ഒരാഴ്ച മുമ്പാണ് പാലക്കാട് എത്തിയത്. പരിചയമില്ലാത്ത പ്രദേശത്ത് വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തിയതോടെയാണ് ദുരന്തം. കള്ളനെന്നാരോപിച്ച് ‘ബംഗ്ലാദേശിയാണോ’ എന്ന ചോദ്യം ഉന്നയിച്ച് പ്രതികൾ ക്രൂരമായി മർദിച്ചതായാണ് വിവരം. ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന രാംനാരായണനെ ആദ്യം പ്രദേശത്തെ തൊഴിലുറപ്പ് വനിതകൾ കാണുകയും തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് പ്രദേശവാസികളായ ബിജെപി–ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട സംഘം ഇയാളെ തടഞ്ഞുവച്ച് വിചാരണ ചെയ്ത ശേഷം മർദിച്ചതായാണ് ആരോപണം.
ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാംനാരായൺ മരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.