മലപ്പുറം: പാലക്കാട് വാളയാറില്‍ അതിഥി സംസ്ഥാന തൊഴിലാളി അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിന് അപമാനമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് മാത്രം കേട്ടിരുന്ന ആള്‍ക്കൂട്ടക്കൊലയുടെ വാര്‍ത്ത കേരളത്തിലും സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനായാരണ്‍ ഭയ്യാറിനെ മര്‍ദ്ദിച്ച് കൊന്നത്.
കുടുംബം പോറ്റാനായി കേരളത്തിലെത്തുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികളുണ്ട്. പലരും കുടുംബസമേതം കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവരോടെല്ലാം മാന്യമായി പെരുമാറുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. എന്നാല്‍ വാളയാറില്‍ സംഭവിച്ചത് അങ്ങേയറ്റം നീചമായ കാര്യമാണ്. സംഘ്പരിവാര്‍ ഉല്‍പാദിപ്പിക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം ഈ കൊലപാതകത്തിന് കാരണമായിട്ടുണ്ട്. പിടികൂടിയവരില്‍ നാല് പേര്‍ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് എന്നത് തന്നെയാണ് ഈ കേസിലെ വംശവെറിയുടെ തെളിവ്. കേരളത്തിന് കളങ്കമേല്‍പിച്ച സംഭവമാണിത്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മുഴുവന്‍ കുറ്റവാളികളെയും എത്രയും പെട്ടെന്ന് പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കരട് വോട്ടര്‍ പട്ടികയില്‍ പേര് വരികയും എന്നാല്‍ അന്തിമ പട്ടികയില്‍ ഇല്ലാതെ വരികയും ചെയ്ത വോട്ടര്‍മാരുടെ ലിസ്റ്റ് ശേഖരിക്കാനും സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കരട് പട്ടികയിലെ ക്രമ നമ്പര്‍, വിലാസം എല്ലാം വാര്‍ഡ് കമ്മിറ്റികള്‍ ഉടനടി ശേഖരിച്ച് മേല്‍കമ്മിറ്റികളെ ഏല്‍പിക്കേണ്ടതാണ്. ഘടകമില്ലാത്ത വാര്‍ഡാണെങ്കില്‍ സഖ്യകക്ഷികളുടെ സഹായം തേടാവുന്നതാണ്. വാര്‍ഡ് കമ്മിറ്റികള്‍ ശേഖരിക്കുന്ന ഡാറ്റ പഞ്ചായത്തിന്റെ (മുനിസിപ്പാലിറ്റി) മൊത്തം ഡാറ്റയായി നിയോജകമണ്ഡലം കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
നിയോജകമണ്ഡലം തലത്തില്‍ ഒറ്റ ഡാറ്റയായി ജില്ലാ കമ്മിറ്റിക്ക് നല്‍കേണ്ടതാണ്. ജില്ലയുടെ മുഴുവന്‍ കണക്കും ഒറ്റ ഡാറ്റ ഷീറ്റായി ജില്ലകള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കണം. വോട്ട് നഷ്ടമായ പൗരന്മാര്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തേണ്ട വിഷയമായതിനാല്‍ ഗൗരവത്തില്‍ ഈ വിഷയം ഏറ്റെടുക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. എസ്.ഐ.ആറിന്റെ തുടര്‍ നടപടികള്‍ വരുമ്പോള്‍ ഓരോ ഘടകങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ഒരു പൗരന്റെയും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും യോഗം ഓര്‍മപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കേരളത്തിലെ ജനം യു.ഡി.എഫിന് സമ്മാനിച്ചത്. വിശ്വാസപൂര്‍വ്വം ഏല്‍പിച്ച ദൗത്യം ഉത്തരവാദിത്തബോധം വര്‍ധിപ്പിക്കണമെന്നും ജനങ്ങള്‍ ഏല്‍പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാന്‍ കല്ലായി, ടി.എം സലിം, ഉമ്മര്‍ പാണ്ടികശാല, സി.എച്ച് റഷീദ്, സി.പി ബാവ ഹാജി, സി.പി സൈതലവി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കെ.എം ഷാജി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുള്ള, യു.സി രാമന്‍, ഷാഫി ചാലിയം ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നന്ദി പറഞ്ഞു.