Connect with us

kerala

വാളയാർ ആൾക്കൂട്ടക്കൊല: ധനസഹായത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റുവാങ്ങൽ വൈകുന്നു; ഇന്ന് റവന്യു മന്ത്രിയുമായി ചർച്ച

ധനസഹായ വിഷയത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് റവന്യു മന്ത്രി കെ. രാജൻ കുടുംബവുമായി ചർച്ച നടത്തും.

Published

on

തൃശൂർ: വാളയാർ അട്ടപ്പളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ബഗേലിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബവും സർക്കാർ പ്രതിനിധികളും നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ പ്രതിസന്ധി തുടരുന്നു. ധനസഹായ വിഷയത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് റവന്യു മന്ത്രി കെ. രാജൻ കുടുംബവുമായി ചർച്ച നടത്തും.

25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലാണ് കുടുംബം ഉറച്ച് നിൽക്കുന്നത്. ഞായറാഴ്ച പാലക്കാട് ആർ.ഡി.ഒയും തൃശൂർ സബ് കലക്ടറും കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് പാലക്കാട് ആർ.ഡി.ഒ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളജിലെത്തി ‘ജസ്റ്റിസ് ഫോർ രാംനാരായൺ ബഗേൽ’ ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ഇതോടെയാണ് മന്ത്രിതല ചർച്ചയ്ക്ക് നീക്കം.

അടിയന്തരമായി കുറഞ്ഞത് 10 ലക്ഷം രൂപ സഹായമായി അനുവദിക്കണമെന്ന ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അത് ശിപാർശ ചെയ്യാമെന്നും ജില്ല കലക്ടർ ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചു.

സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. തൃശൂർ മെഡിക്കൽ കോളജിലെ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. നാട്ടുകാരും സമരസമിതിയും പിന്തുണയുമായി ഒപ്പമുണ്ട്. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്.

അതേസമയം, കേസിൽ ആൾക്കൂട്ടക്കൊലപാതക വകുപ്പ്, എസ്.സി–എസ്.ടി പീഡന നിരോധന നിയമം എന്നിവ ചുമത്താനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.

ഇതിനിടെ, പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളത്തിന് അപമാനം വരുത്തിയ സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാംനാരായണൻ ബഗേലിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൃശൂർ മെഡിക്കൽ കോളജിൽ ബന്ധുക്കൾ ഞായറാഴ്ച ഉച്ചയോടെ എത്തിയിട്ടുണ്ട്. ഭാര്യ ലളിത, മക്കളായ അനൂജ്, ആകാശ്, ഭാര്യാമാതാവ് ലക്ഷ്മീൻ ഭായ് ഉൾപ്പെടെ ബന്ധുക്കളാണ് എത്തിയത്. നീതി ഉറപ്പാക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് അവർ.

ഛത്തീസ്ഗഡിലെ കർഹി ഗ്രാമവാസിയായ രാംനാരായണൻ, 10-ഉം 8-ഉം വയസ്സുള്ള രണ്ട് ആൺമക്കളും രോഗബാധിതയായ അമ്മയും ഭാര്യയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. അതിക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതുവരെ അഞ്ച് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

kerala

ശബരിമല സ്വർണക്കൊള്ള: വൻ ഗൂഢാലോചന വെളിപ്പെടുത്തി റിമാൻഡ് റിപ്പോർട്ട്

അറസ്റ്റിലായ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുമാണ് ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു

Published

on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വൻ ഗൂഢാലോചന നടന്നതായി റിമാൻഡ് റിപ്പോർട്ട്. അറസ്റ്റിലായ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുമാണ് ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പങ്കജ് ഭണ്ഡാരിയെ 12-ാം പ്രതിയായും ഗോവർധനെ 13-ാം പ്രതിയായും എഫ്‌.ഐ.ആറിൽ ചേർത്തു.

ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെ തന്നെ പങ്കജ് ഭണ്ഡാരിക്കും ഗോവർധനും സ്വർണമോഷണത്തിൽ നേരിട്ട് പങ്കുണ്ടെന്നും കുറ്റം മറയ്ക്കുന്നതിലും ഇരുവരുടെയും പങ്ക് വ്യക്തമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ബോർഡിലെ ചില ജീവനക്കാരുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ശബരിമലയിലെ സ്വർണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് സ്വർണം വേർതിരിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിൽനിന്ന് 109 ഗ്രാം പണിക്കൂലിയായി പങ്കജ് ഭണ്ഡാരിയെടുത്തു. ബാക്കി 470 ഗ്രാം സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ മുഖേന ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധന് വിറ്റതായും റിപ്പോർട്ടിലുണ്ട്.

ഈ വിവരങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി എസ്‌.ഐ.ടിക്കു മുന്നിൽ വെളിപ്പെടുത്തിയതായും, പങ്കജ് ഭണ്ഡാരിയും ഗോവർധനും അത് സ്ഥിരീകരിച്ചതായും അന്വേഷണ സംഘം അറിയിച്ചു. സമാന അളവിലുള്ള സ്വർണം സ്മാർട്ട് ക്രിയേഷൻസിലും ഗോവർധന്റെ പക്കലിലും നിന്നു കണ്ടെത്തിയതായും റിപ്പോർട്ട് പറയുന്നു.

സംഭാവന നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ദേവസ്വം ബോർഡ് ജീവനക്കാരിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും, ബന്ധങ്ങളും ഗൂഢാലോചനയും വിശദമായി കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. സ്വർണം കൈമാറുന്നതിൽ ഇടനിലക്കാരനായ രണ്ടാം പ്രതി കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

രാത്രിയില്‍ വിദ്യാര്‍ഥിനികളെ സ്‍റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ താത്കാലിക കണ്ടക്ടര്‍ സുരേഷ് ബാബുവിനെയാണ് പുറത്താക്കിയത്.

Published

on

തിരുവനന്തപുരത്ത് രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിക്കൊടുത്തില്ലെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ താത്കാലിക കണ്ടക്ടര്‍ സുരേഷ് ബാബുവിനെയാണ് പുറത്താക്കിയത്.

അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്ത് ഇങ്ങണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇവിടെ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ബസിലാണ് സംഭവം.

പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടി. രാത്രികാലങ്ങളില്‍ വനിതായാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ഉത്തരവുണ്ട്. ഇത് പാലിച്ചില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Continue Reading

kerala

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം

സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ കുഴഞ്ഞു വീഴുകയായിരുന്നു.

Published

on

പാലക്കാട് 14കാരന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ നഫീസ മന്‍സിലില്‍ അഹമ്മദ് നിഷാദി(നാച്ചു)ന്റെയും പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകന്‍ കാഞ്ഞിരോട് കെ.എം.ജെ സ്‌കൂള്‍ വിദ്യാര്‍ഥി റിയാന്‍ (14) ആണ് മരിച്ചത്.

പാലക്കാട് മേഴ്‌സി കോളജിന് സമീപമുള്ള ഉമ്മയുടെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് വിരുന്ന് വന്നതായിരുന്നു റിയാനും കുടുംബവും. സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മൃതദേഹം ഇന്ന് വൈകീട്ടോടെ സ്വദേശമായ കാഞ്ഞിരോട് എത്തിക്കും. വൈകീട്ട് 6.30ന് കാഞ്ഞിരോട് കെ.എം.ജെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം കാഞ്ഞിരോട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Continue Reading

Trending