തൃശൂർ: വാളയാർ അട്ടപ്പളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ബഗേലിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബവും സർക്കാർ പ്രതിനിധികളും നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ പ്രതിസന്ധി തുടരുന്നു. ധനസഹായ വിഷയത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് റവന്യു മന്ത്രി കെ. രാജൻ കുടുംബവുമായി ചർച്ച നടത്തും.
25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലാണ് കുടുംബം ഉറച്ച് നിൽക്കുന്നത്. ഞായറാഴ്ച പാലക്കാട് ആർ.ഡി.ഒയും തൃശൂർ സബ് കലക്ടറും കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് പാലക്കാട് ആർ.ഡി.ഒ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളജിലെത്തി ‘ജസ്റ്റിസ് ഫോർ രാംനാരായൺ ബഗേൽ’ ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ഇതോടെയാണ് മന്ത്രിതല ചർച്ചയ്ക്ക് നീക്കം.
അടിയന്തരമായി കുറഞ്ഞത് 10 ലക്ഷം രൂപ സഹായമായി അനുവദിക്കണമെന്ന ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അത് ശിപാർശ ചെയ്യാമെന്നും ജില്ല കലക്ടർ ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചു.
സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. തൃശൂർ മെഡിക്കൽ കോളജിലെ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. നാട്ടുകാരും സമരസമിതിയും പിന്തുണയുമായി ഒപ്പമുണ്ട്. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്.
അതേസമയം, കേസിൽ ആൾക്കൂട്ടക്കൊലപാതക വകുപ്പ്, എസ്.സി–എസ്.ടി പീഡന നിരോധന നിയമം എന്നിവ ചുമത്താനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.
ഇതിനിടെ, പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളത്തിന് അപമാനം വരുത്തിയ സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാംനാരായണൻ ബഗേലിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൃശൂർ മെഡിക്കൽ കോളജിൽ ബന്ധുക്കൾ ഞായറാഴ്ച ഉച്ചയോടെ എത്തിയിട്ടുണ്ട്. ഭാര്യ ലളിത, മക്കളായ അനൂജ്, ആകാശ്, ഭാര്യാമാതാവ് ലക്ഷ്മീൻ ഭായ് ഉൾപ്പെടെ ബന്ധുക്കളാണ് എത്തിയത്. നീതി ഉറപ്പാക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് അവർ.
ഛത്തീസ്ഗഡിലെ കർഹി ഗ്രാമവാസിയായ രാംനാരായണൻ, 10-ഉം 8-ഉം വയസ്സുള്ള രണ്ട് ആൺമക്കളും രോഗബാധിതയായ അമ്മയും ഭാര്യയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. അതിക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതുവരെ അഞ്ച് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.