kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: ആക്രമണത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ്

By webdesk18

December 21, 2025

പാലക്കാട്: പാലക്കാട് വാളയാറില്‍ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ബംഗ്ലാദേശി എന്ന് ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് നിഗമനം. കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരടങ്ങുന്ന അഞ്ച് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പൊലീസ് സൂചന.

രണ്ടുമണിക്കൂറിലേറെ നീണ്ട ക്രൂരമായ ആക്രമണത്തിനാണ് രാംനാരായണന്‍ ഇരയായത്. ആക്രമണത്തിനിടെ ചില സ്ത്രീകളും മര്‍ദനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. പുതുതായി അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. സംഭവസമയത്ത് ചിത്രീകരിച്ച വീഡിയോകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ആക്രമണത്തില്‍ പങ്കെടുത്ത പതിനഞ്ചോളം പേരില്‍ ചിലര്‍ നാടുവിട്ടതായും ഇവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നിലവില്‍ പിടിയിലായ പ്രതികള്‍ മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ നാലുപേര്‍ ബി.ജെ.പി അനുഭാവികളാണ്. ഒന്നാം പ്രതിയായ അനു, മൂന്നാം പ്രതിയായ മുരളി എന്നിവര്‍ 15 വര്‍ഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളി സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വിനോദിനെയും വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈകോടതിയില്‍ പരിഗണനയിലാണ്.

ഒന്നാം പ്രതി അനുവിനെതിരെ വാളയാര്‍, കസബ സ്റ്റേഷനുകളിലായി 15 അടിപിടി കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ രണ്ട് കേസുകളും, മൂന്നാം പ്രതി മുരളിക്കെതിരെ രണ്ട് കേസുകളും, നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും, അഞ്ചാം പ്രതി വിപിനെതിരെ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വാളയാര്‍ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ആള്‍ക്കൂട്ടക്കൊലപാതകമായാണ് പരിഗണിക്കുന്നതെന്നും പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വേര്‍തിരിച്ച് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, രാംനാരായണന്റെ ശരീരത്തില്‍ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു. പിന്നാമ്പുറം, നെഞ്ച്, കൈകാലുകള്‍, തലച്ചോര്‍ തുടങ്ങി ശരീരമാകെ ക്രൂര മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിന്റെ പൂര്‍ണ്ണ അഭാവവുമാണെന്ന് ഡോ. ഹിതേഷ് ശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘കൂട്ടമര്‍ദ്ദനം നടത്തിയവരില്‍ ഒരാളെങ്കിലും ”ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒരാള്‍ പോലും കൈ ഉയര്‍ത്താതിരുന്നെങ്കില്‍, ഇന്ന് ഒരു മനുഷ്യന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു. ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ആരും പാടില്ല. മൗനം പാലിക്കരുത്’ എന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.