kerala

വഖ്ഫ് ഭേദഗതി ബില്‍: ‘ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റം: ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

By webdesk14

April 02, 2025

വഖ്ഫ് ഭേദഗതി ബില്‍ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഈ നിയമനിര്‍മാണം ജനാധിപത്യ, മതേതര തത്ത്വങ്ങളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനവുമാണ്. സ്വതന്ത്ര ഇന്ത്യയിലെ ഒരു സര്‍ക്കാരും ഇന്നോളം മുതിരാത്ത നടപടിയാണിത്.

നമ്മുടെ പാര്‍ലിമെന്റിന്റെ കീഴ്‌വഴക്കങ്ങളുടെ ചരിത്രത്തിലും കേട്ടുകേള്‍വിയില്ലാത്ത ഈ നടപടി നിയമങ്ങളെയും ചട്ടങ്ങളെയും അടിമറിക്കാനാണ്. ഈ നടപടി മതേതര ഇന്ത്യയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതാണ്. പാര്‍ലിമെന്റില്‍ നേരത്തെ അവതരിപ്പിച്ച ഈ ഭേദഗതി നിയമം പാര്‍ലിമെന്ററി സമിതിക്ക് വിട്ടപ്പോള്‍ പ്രസ്തുത സമിതിക്ക് മുമ്പാകെ നാടൊട്ടുക്കുമുള്ള ന്യൂനപക്ഷസംഘടനകളും മതേതര, രാഷ്ട്രീയ പാര്‍ട്ടികളും മറ്റുസാമൂഹിക സംഘടനകളും നല്‍കിയ നിവേദനങ്ങളിലെ നിര്‍ദ്ദേശങ്ങളൊന്നുംതന്നെ സമിതി പരിഗണിക്കുകയുണ്ടായില്ല. സര്‍ക്കാരിന്റെ ഭേദഗതികള്‍ക്ക് അനുകൂല്യമായത് മാത്രം സ്വീകരിക്കുകയും അല്ലാത്തതെല്ലാം തള്ളിക്കളയുകയുമാണ് ചെയ്തത്.

സംസ്ഥാന വഖഫ് ബോര്‍ഡുകളാണ് ഇത്രയും കാലം വഖഫ് സ്വത്തുക്കളുടെ നിയമപരമായ കാര്യങ്ങള്‍ നടത്തിപ്പോന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് ഒന്നിനു പിറകെ ഒന്നായി കടന്നു കയറുന്ന കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് വിരുദ്ധ നീക്കവും പതിവായി സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്ന ഫെഡറലിസവിരുദ്ധ നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാനതത്ത്വങ്ങളെ കാറ്റില്‍പ്പറത്തുകയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെ പ്രമാണങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഈ നിയമത്തിനെതിരെ നമ്മുടെ രാജ്യത്തെ മതേതര സമൂഹം പ്രതിഷേധിക്കുന്നു. അതാണ് പാര്‍ലിമെന്റിലെ ചര്‍ച്ചയും പ്രകടമാക്കുന്നത്.