ദമ്മാം: രാജ്യത്ത് വിവാദമായ വഖ്ഫ് ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പശ്ചാത്തലത്തില്‍ ഭരണഘടനയെയും ഇന്ത്യന്‍ സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ കലാലയം സാംസ്‌കാരിക വേദി ‘വിചാരസദസ്’ സംഘടിപ്പിച്ചു. ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തുള്ള വിവിധ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍, മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമ്മാം റീജിയന്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ പറഞ്ഞു. കലാലയം സെക്രട്ടറി സബൂര്‍ കണ്ണൂര്‍ അധ്യക്ഷനായിരുന്നു.
വഖ്ഫിന്റെ മതകീയ കാഴ്ച്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍ (ഐ.സി.ഫ്) വഖ്ഫ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നിലവിലുള്ള വഖ്ഫ് ദുരുപയോഗത്തെ സംബന്ധിച്ചും ഇടപെട്ടു സംസാരിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ ഭേദഗതി ബില്‍ തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണെന്നും ന്യൂജന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രതിഷേധ രീതിയെപ്പറ്റിയും മുഹമ്മദ് സഗീര്‍ പറവൂര്‍ (ആര്‍. എസ്. സി) സംസാരിച്ചു. കെ. എം. സി. സി ദമ്മാം സെക്രട്ടറി മഹ്‌മൂദ് പൂക്കാട് ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങള്‍ അക്കമിട്ടു വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി മുസ്ലിംകള്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. മുന്‍ ബില്ല് അവതരണങ്ങള്‍ പോലെ ഏകപക്ഷീയമായല്ല സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നതെന്നും ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം മതേതര സമൂഹത്തിനും ജനാതിപത്യത്തിനും പ്രതീക്ഷ നല്‍കുന്നതാണെന്നും ആശയത്തില്‍ വ്യതിചലിക്കാതെ സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ട രീതിയെ പറ്റിയും വിശദമായി സംസാരിച്ച പ്രവാസി രിസാല എഡിറ്റര്‍ ലുഖ്മാന്‍ വിളത്തൂര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഈ ബില്ലിന്റെ പ്രതിഫലനത്തെ പറ്റിയും സംവദിച്ചു. ചര്‍ച്ചയില്‍ ആര്‍. എസ്. സി ദമ്മാം സോണ്‍ സെക്രട്ടറി ആഷിഖ് കായംകുളം സ്വാഗതവും സംഘടന സെക്രട്ടറി ഷബീര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.
തുടര്‍ച്ചയായി ഭരണാഘടനാ വിരുദ്ധ ബില്ലുകളുമായി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റു ശക്തികളെ ഒന്നടങ്കം ഒറ്റക്കെട്ടായി ചെറുക്കുന്നതിന്റെ ആവശ്യകത ഈ ‘വിചാര സദസ്സ്’അഭിപ്രായപെട്ടു.