kerala

വഖഫ് നിയമനം: സര്‍ക്കാര്‍ പിന്മാറ്റം സ്വാഗതാര്‍ഹം; സാദിഖലി ശിഹാബ് തങ്ങള്‍

By Chandrika Web

July 20, 2022

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ മുസ്ലിംലീഗും മുസ്ലിം മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനം.

മുസ്ലിംലീഗ് പതിനായാരങ്ങളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയും, തുടര്‍ന്ന് മുസ്ലിം ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ പോരട്ടങ്ങളും വിജയം കണ്ടിരിക്കുന്നു. ജനാധിപത്യ പ്രതിഷേധത്തില്‍ അണിനിരന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. -തങ്ങള്‍ പറഞ്ഞു. വിഷയം ദീര്‍ഘിപ്പിച്ച് കൊണ്ടുപോകാതെ സര്‍ക്കാര്‍ തീരുമാനപ്രകാരമുള്ള തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.