ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും പിടികൂടിയതിനെതിരെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി. യുദ്ധപ്രവൃത്തിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മംദാനി പറഞ്ഞു. ഇത് ഫെഡറല്‍, അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നതായും കോസ്മോപൊളിറ്റന്‍ ലോക നഗരത്തില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് വെനസ്വേലക്കാരെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയതും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫെഡറല്‍ കസ്റ്റഡിയില്‍ ആസൂത്രണം ചെയ്ത തടവിലാക്കിയതിതും ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധവും ഫെഡറല്‍, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്.’
രഹസ്യാന്വേഷണ ഏജന്‍സികളും യുഎസ് നിയമപാലകരും ഉള്‍പ്പെട്ട സംയുക്ത ഓപ്പറേഷനില്‍ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും കാരക്കാസില്‍ നിന്ന് പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി.
യുഎസ് സൈനിക ഓപ്പറേഷനില്‍ കാരക്കാസില്‍ പിടിയിലായ മഡുറോയും ഭാര്യയും ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റില്‍ ‘മയക്കുമരുന്ന് കടത്ത്, മയക്കുമരുന്ന്-ഭീകരവാദ ഗൂഢാലോചന’ എന്നിവ ആരോപിച്ച് കുറ്റാരോപിതരായിട്ടുണ്ടെന്നും വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
”ഈ നടപടി വിദേശത്തുള്ളവരെ മാത്രമല്ല ബാധിക്കുന്നത്. ഈ നഗരത്തെ സ്വന്തം നാട് എന്ന് വിളിക്കുന്ന പതിനായിരക്കണക്കിന് വെനിസ്വേലക്കാര്‍ ഉള്‍പ്പെടെ ന്യൂയോര്‍ക്ക് നിവാസികളെ ഇത് നേരിട്ട് ബാധിക്കുന്നു.” അമേരിക്കയിലെ ഏറ്റവും വലിയ വെനിസ്വേലന്‍ സമൂഹങ്ങളിലൊന്നാണ് ന്യൂയോര്‍ക്കിലേത്, അവരില്‍ പലരും സ്വന്തം രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക തകര്‍ച്ചയും മൂലം പലായനം ചെയ്തവരാണ്. മഡുറോയെ യു.എസ് സൈന്യം പിടികൂടിയത് കുടിയേറ്റ സമൂഹങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് വെനിസ്വേലയില്‍ നിന്നുള്ളവര്‍ക്കിടയില്‍ ഭയവും അനിശ്ചിതത്വവും വര്‍ധിപ്പിക്കുമെന്ന് മംദാനി വിശ്വസിക്കുന്നു.
തന്റെ ഭരണകൂടത്തിന്റെ പ്രാഥമിക പരിഗണന പൊതുജന സുരക്ഷയാണെന്ന് മംദാനി ഊന്നിപ്പറഞ്ഞു. നഗരത്തിലെ സുരക്ഷ ഏജന്‍സികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യാനുസരണം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പിടികൂടിയ മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ മയക്കുമരുന്ന്-ഭീകര ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, ആയുധ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഡെല്‍റ്റ ഫോഴ്സ് ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വന്‍ സൈനിക ആക്രമണത്തിലാണ് മഡുറോയെയും ഭാര്യയെയും ബന്ദികളാക്കിയത്.
വെനസ്വേലയില്‍ ശരിയായ അധികാരകൈമാറ്റം യാഥാര്‍ഥ്യമാകുന്നത് വരെ രാജ്യം യു.എസ് ഭരിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. വെനസ്വേലന്‍ അധിനിവേശത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികളസ് മദുറോയുടെ ഏറ്റവും പുതിയ ചിത്രവും ട്രംപ് പുറത്ത് വിട്ടിരുന്നു. മദുറോ രണ്ട് കേസുകളില്‍ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.