കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ വെയർഹൗസുകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് വെയർഹൗസുകൾക്കാണ് തീപിടിച്ചത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിങ്കളാഴ്ച രാത്രി മുതൽ തന്നെ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ പല ഭാഗങ്ങളിലും തീ ഇപ്പോഴും കത്തി കൊണ്ടിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളിൽ നിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി അഗ്നിരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി.