ബീജിങ്: കൊറിയന്‍ മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന വിധം പുതിയ ആണവ പരീക്ഷണം നടത്തുന്നതിനെതിരെ ഉത്തരകൊറിയക്ക് ചൈനയുടെ മുന്നറിയിപ്പ്.

പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത ഒരു സ്ഥിതിയിലേക്ക് നയതന്ത്ര ബന്ധങ്ങള്‍ തകരാന്‍ അത് കാരണമാകുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള അങ്കക്കലി നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സമാധാനപരമായ പരിഹാരമാണ് ചൈന ആഗ്രഹിക്കുന്നത്. അതോടൊപ്പം മൊത്തം സ്ഥിതിഗതികളില്‍ ചൈനക്ക് പരിമിതമായ സ്വാധീനം മാത്രമാണുള്ളതെന്നും പത്രം വ്യക്തമാക്കി. ഉത്തരകൊറിയ ആറാമത്തെ ആണവ പരീക്ഷണത്തിന് മുതിര്‍ന്നാല്‍ തിരിച്ചുവരവില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകും. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ബന്ധപ്പെട്ട കക്ഷികള്‍ തന്നെ ഏറ്റെടുക്കേണ്ടിവരും. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക ഉത്തരകൊറിയക്കായിരിക്കുമെന്ന് ഉറപ്പായിരിക്കുമെന്നും ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഫ്‌ളോറിഡയില്‍ ചര്‍ച്ച നടത്തിയ ശേഷം ഉത്തരകൊറിയയോടുള്ള യു.എസ് സമീപനത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടായിട്ടുണ്ട്.
ഉത്തരകൊറിയയുമായുള്ള സംഘര്‍ഷങ്ങള്‍ നയതന്ത്ര തലത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമം തുടരുമ്പോഴും യുദ്ധഭീതി പരത്തി അമേരിക്കയുടെ ആണവായുധ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ഉത്തരകൊറിയന്‍ സേനയുടെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് യു.എസ്.എസ് മിഷിഗനെ കൊറിയന്‍ മേഖലയിലേക്ക് അയച്ചിരിക്കുന്നത്. അമേരിക്കന്‍ വിമാന വാഹിനിയായ യു.എസ്.എസ് കാള്‍ വിന്‍സണിനോടൊപ്പം മിഷിഗണ്‍ അന്തര്‍വാഹിനി ചേര്‍ന്നുകഴിഞ്ഞുവെന്നാണ് വിവരം. യു.എസ് വിമാനവാഹിനിയെ കടലില്‍ മുക്കിക്കളയുമെന്ന് ഉത്തരകൊറിയ ഭീഷണിമുഴക്കിയിരുന്നു. സൈനിക വാര്‍ഷികാഘോഷത്തടനുബന്ധിച്ച് ഉത്തരകൊറിയയുടെ ഭാഗത്ത് അസാധാരണ നീക്കങ്ങളൊന്നും ഇല്ലെങ്കിലും വോന്‍സാന്‍ നഗരത്തിനു ചുറ്റും വന്‍ സൈനികാഭ്യാസം തുടങ്ങിയിട്ടുണ്ട്.
ഉത്തരകൊറിയയുടെ സൈനിക നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ഓഫീസ് അറിയിച്ചു. കൊറിയന്‍ മേഖലയില്‍ വലിയൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കുമോ എന്ന ഭീതി അമേരിക്കയിലും പടര്‍ന്നിട്ടുണ്ട്. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യു.എസ് സെനറ്റ് അംഗങ്ങളെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. 154 തോമഹാക്ക് ക്രൂയിസ് മിസൈലുകളും മികച്ച പരിശീലനം ലഭിച്ച 60 പ്രത്യേക ദൗത്യസേനാംഗങ്ങളെയും വഹിച്ചുകൊണ്ടാണ് മിഷിഗണ്‍ അന്തര്‍വാഹിനി എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിലക്കുകള്‍ വീണ്ടും കാറ്റില്‍ പറത്തി ഉത്തരകൊറിയ ആണവായുധമോ മിസൈലോ പരീക്ഷിച്ചാല്‍ യുദ്ധമുണ്ടാകുമെന്ന് ഊഹാപോഹമുണ്ട്. പടക്കപ്പല്‍ കൂട്ടത്തെ കൂടാതെ അമേരിക്കയുടെ അന്തര്‍വാഹിനികളെയും കൊറിയന്‍ മേഖലയിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനവാഹിനിയെക്കാള്‍ കൂടുതല്‍ ശക്തമാണ് അന്തര്‍വാഹിനിയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അമേരിക്കയുടെ മുന്‍ പ്രഖ്യാപനത്തില്‍നിന്ന് വ്യത്യസ്തമായി യു.എസ് കപ്പലുകള്‍ നീങ്ങിയത് ഉത്തരകൊറിയക്ക് വിപരീത ദിശയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഉത്തരകൊറിയയില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് യു.എസ് വിമാനവാഹിനിയെന്ന വാര്‍ത്തയും ആശയക്കുഴപ്പം സൃഷ്ടിക്കുകയുണ്ടായി. നേരത്തെ ഉത്തരവിട്ടതുപ്രകാരം ശരിയായ ദിശയില്‍ തന്നെയാണ് അവ നീങ്ങുന്നതെന്നാണ് യു.എസ് നേവിയുടെ പുതിയ വിശദീകരണം.